?????? ???? ????? ???? ?????? ???? ??????? ????????

ഡി.എന്‍.എ നിയമം: പുനഃപരിശോധിക്കണമെന്ന് കുവൈത്ത്  അമീര്‍

കുവൈത്ത് സിറ്റി: ജനങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഗണിച്ച് ഡി.എന്‍.എ നിയമം പുനഃപരിശോധിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍ മുബാറക് അല്‍ ഹമദ് അസ്സബാഹിനോടാണ് അദ്ദേഹം ഭരണഘടന മുന്നില്‍വെച്ച് സ്വകാര്യത സംരക്ഷണവുമായി ബന്ധപ്പെടുത്തി നിയമം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്.
 സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളുടെ ജനിതക സാമ്പിള്‍ (ഡി.എന്‍.എ ഡാറ്റാ ബാങ്ക്) ശേഖരിക്കാനുള്ള കുവൈത്തിന്‍െറ തീരുമാനം പ്രത്യേക വ്യക്തിത്വം കാത്തുസൂക്ഷിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഹനിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള മനുഷ്യാവകാശ സംഘടന അഭിപ്രായപ്പെട്ടിരുന്നു. പ്രത്യേക സാഹചര്യത്തിലല്ലാതെ രാജ്യവ്യാപകമായി ഇത് നടപ്പാക്കുന്നത് പൗരന്മാരുടെ വ്യക്തിത്വത്തിനെതിരായ നീക്കമാണെന്നും ഡി.എന്‍.എ നിര്‍ബന്ധമാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിന്മാറണമെന്നുമാണ് യു.എന്നിന് കീഴിലുള്ള 18 അംഗ വിദഗ്ധ സമിതി ആവശ്യപ്പെട്ടത്. സിവിലയന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാറിനുള്ള ബാധ്യതകള്‍ക്ക് എതിരാണ്  ഡി.എന്‍.എ ഡാറ്റാബാങ്ക് സംവിധാനമെന്ന് സമിതി വ്യക്തമാക്കി. 2015 ജൂലൈയിലാണ് സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യത്തെ എല്ലാവരില്‍നിന്നും ജനിതക സാമ്പ്ള്‍ ശേഖരിക്കാനുള്ള നിയമം കുവൈത്ത് പാര്‍ലമെന്‍റ് അംഗീകരിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരു വര്‍ഷത്തെ തടവും വിവരം നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
 രാജ്യത്തുള്ള മുഴുവന്‍ ജനങ്ങളുടെയും ജനിതക സാമ്പിളുകള്‍ ശേഖരിച്ച് കുറ്റാന്വേഷണരംഗത്ത് പ്രയോജനപ്പെടുത്തുകയാണ് നിയമം കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്. സവാബിര്‍ ഇമാം സാദിഖ് മസ്ജിദിലെ ചാവേര്‍ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം ഡി.എന്‍.എ ഡാറ്റാബാങ്ക് എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.
 തീവ്രവാദിവേട്ടക്ക് പുറമെ വാഹനാപകടം, അഗ്നിബാധ, കൊലപാതകം തുടങ്ങിയ സാഹചര്യങ്ങളില്‍ അന്വേഷണം എളുപ്പമാക്കാനും ഡി.എന്‍.എ ഡാറ്റാബാങ്ക് സ്ഥാപിക്കുന്നതിലൂടെ കഴിയുമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്‍െറ കണക്കുകൂട്ടല്‍. നിശ്ചിത സമയപരിധി നിശ്ചയിച്ച് നിലവില്‍ രാജ്യത്തുള്ളവരുടെയും പുതുതായി എത്തുന്ന വിദേശികളുടെയും ജനിതക മാതൃകകള്‍  ശേഖരിക്കാനാണ് പദ്ധതി. പരിശോധനക്ക് വിധേയമാകാത്തവര്‍ക്ക് ഒരു വര്‍ഷം തടവോ 10,000 ദീനാര്‍ പിഴയോ ശിക്ഷയായി നല്‍കണമെന്നാണ് നിര്‍ദേശം. തെറ്റായ വിവരങ്ങള്‍ നല്‍കുകയോ വ്യാജ സാമ്പിളുകള്‍ സമര്‍പ്പിക്കുകയോ ചെയ്താല്‍ ഏഴുവര്‍ഷം വരെ തടവോ 5,000 ദീനാര്‍ പിഴയോ ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. 
സ്വകാര്യത ഉറപ്പുവരുത്തുന്ന രീതിയില്‍ സംരക്ഷിക്കപ്പെടുന്ന ജനിതക വിവരങ്ങള്‍ പബ്ളിക് പ്രോസിക്യൂഷന്‍െറ പ്രത്യേക അനുമതിയോടെയല്ലാതെ കൈമാറ്റം ചെയ്യാനോ പരിശോധിക്കാനോ പാടില്ളെന്നും നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ സ്വദേശികളുടെ സാമ്പിളാണ് ശേഖരിക്കുക. ഇതിനായി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മൂന്ന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.