പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം പുന$പരിശോധിക്കാന്‍ സമിതി

കുവൈത്ത് സിറ്റി: പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പളം പുനപ്പരിശോധിക്കാന്‍  പഠനസമിതിയെ നിയോഗിക്കുമെന്ന് ധനകാര്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖലീഫ ഹമാദ വ്യക്തമാക്കി. വിശദമായ പഠനം നടത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കാനാണ് ബന്ധപ്പെട്ട സമിതിക്ക് നിര്‍ദേശം നല്‍കുക. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വാങ്ങുന്ന അടിസ്ഥാന ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് വിശദ വിവരശേഖരണം നടത്തും.
 തൊഴിലിലെ മികവ് പരിഗണിച്ച് ഉദ്യോഗസ്ഥര്‍ പറ്റുന്ന ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടക്കം വിശദമായ റിപ്പോര്‍ട്ടാണ് തയാറാക്കുക. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ നീതി ഉറപ്പുവരുത്തുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നതെന്ന് ഖലീഫ ഹമാദ പറഞ്ഞു. ഒരേ തസ്തികയില്‍ ജോലിചെയ്യുന്ന ആളുകള്‍ വ്യത്യസ്ത നിലവാരത്തിലുള്ള ശമ്പളവും ആനുകൂല്യവും പറ്റുന്ന നിലവിലെ രീതി പാടേ ഇല്ലാതാക്കും. അര്‍ഹമായ ശമ്പളവും ആനുകൂല്യവും ഉറപ്പുവരുത്തുന്നതോടൊപ്പം അനധികൃത വഴിയില്‍ ആനുകൂല്യം പറ്റുന്നവരെ കണ്ടത്തൊനും ഇതുവഴി സാധിക്കും. നിലവില്‍ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ ശമ്പള സ്കെയിലിനിടയില്‍ വലിയ വ്യത്യാസമാണുള്ളത്. 
ചില വകുപ്പുകളിലെ ജീവനക്കാര്‍ ഉയര്‍ന്ന ശമ്പളം വാങ്ങുമ്പോള്‍ മറ്റു ചില വകുപ്പുകളില്‍ ആപേക്ഷികമായി കുറഞ്ഞ ശമ്പളം വാങ്ങുന്നവരുണ്ട്. ഒരുവിഷയത്തില്‍തന്നെ ബിരുദം നേടിയതിന് ശേഷം വ്യത്യസ്ത തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്കിടയില്‍ ഭീമമായ അന്തരം ഉണ്ടെന്നാണ് ധനകാര്യമന്ത്രാലയം കണ്ടത്തെിയിരിക്കുന്നത്. ഇത് ഇല്ലാതാക്കി നീതി സ്ഥാപിക്കുകയാണ് പുനപ്പരിശോധനകൊണ്ട് ഉദ്ദേശിക്കുന്നത്. ആരുടെയും ശമ്പളം കുറക്കാനല്ല നീക്കമെന്ന് ഖലീഫ ഹമാദ കൂട്ടിച്ചേര്‍ത്തു.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.