സ്വകാര്യമേഖലയിലെ തൊഴില്‍കരാര്‍ ഇനി ഇംഗ്ളീഷിലും

കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിലെ തൊഴില്‍ കരാര്‍ രേഖയില്‍ ഇനി അറബിക്കിനൊപ്പം ഇംഗ്ളീഷിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തും. അറബി അറിയാത്തവര്‍ക്ക് വിവരങ്ങള്‍ മനസ്സിലാക്കാനാണിത്. നിലവിലുള്ള അഞ്ചുപേജ് കരാറിനു പകരം ഒരു പേജാകും ഇനിയുണ്ടാകുക. വ്യവസ്ഥകളിലൊന്നും മാറ്റം വരുത്താതെ അത്യാവശ്യവിവരങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് കരാര്‍ രേഖ ചുരുക്കുന്നതെന്ന് മാന്‍പവര്‍ പബ്ളിക് അതോറിറ്റി അറിയിച്ചു.
2010ല്‍ നിലവില്‍ വന്ന തൊഴില്‍ നിയമത്തില്‍ അനുശാസിക്കുംവിധം 16 ഇനങ്ങളാണ് കരാറില്‍ പ്രതിപാദിക്കുന്നത്. സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന ജീവനക്കാരന്‍െറ വേതനം, കരാര്‍ കാലാവധി, 100 ദിവസത്തില്‍ കൂടാത്ത പ്രബേഷന്‍ കാലാവധി, വാര്‍ഷികാവധി, ജോലിസമയത്തിന്‍െറ ദൈര്‍ഘ്യം, തൊഴില്‍ കാലാവധി കഴിഞ്ഞാലോ പിരിച്ചുവിട്ടാലോ സ്വദേശത്തേക്ക് മടങ്ങാനുള്ള വിമാനക്കൂലി, ജോലി സമയത്തുണ്ടായ അപകടങ്ങളിലും രോഗങ്ങളിലും ഇന്‍ഷുറന്‍സ് ഉറപ്പാക്കല്‍, സേവനാനന്തര ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ കരാറിലുണ്ടാകും. കേരളത്തിലെ വിദ്യാഭ്യാസ പശ്ചാത്തലമനുസരിച്ച് അറബിക്കില്‍ പ്രാവീണ്യമുള്ളവര്‍ കുറവാണ്. അതേസമയം, ഇംഗ്ളീഷില്‍ പ്രാഥമിക ധാരണമെങ്കിലുമുള്ളവരാണ് ഇവിടെ ജോലിക്ക് വരുന്നവരിലധികവും. അതുകൊണ്ടുതന്നെ കുവൈത്തില്‍ ജോലി തേടിയത്തെുന്ന മലയാളികളടക്കമുള്ളവര്‍ക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.