കുവൈത്ത് സിറ്റി: ജി.സി.സിയുള്‍പ്പെടെ അയല്‍രാജ്യങ്ങളുടെയും മേഖലയിലെ മറ്റു രാഷ്ട്രങ്ങളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്. ആഫ്രിക്കന്‍ രാഷ്ട്രമായ മോറിത്താനിയയില്‍ നടക്കുന്ന അറബ് രാഷ്ട്രങ്ങളിലെ നേതാക്കളുടെ 27ാമത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകം പൊതുവിലും അറബ് മേഖല പ്രത്യേകിച്ചും സങ്കീര്‍ണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ഘട്ടത്തില്‍ അയല്‍രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കവും വിരോധവുമല്ല വേണ്ടത്. ഭീകരവാദവും തീവ്രവാദവും രാഷ്ട്രങ്ങളില്‍ അസ്ഥിരതയും അസമാധാനവും വിതച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ അയല്‍രാജ്യങ്ങള്‍ കൂടുതല്‍ ഐക്യപ്പെടണം. കാലഘട്ടത്തിന്‍െറ താല്‍പര്യം കണക്കിലെടുക്കാതെ മറ്റു രാഷ്ട്രങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ട് സുഹൃദ് ബന്ധം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ഇറാനെ സൂചിപ്പിച്ച് അമീര്‍ പറഞ്ഞു. നല്ല അയല്‍പക്ക ബന്ധമാണ് ഏതു വിഷയത്തിലായാലും ഫലവത്തായ ചര്‍ച്ചകളിലേക്കും സമവായത്തിലേക്കും എത്തിക്കുക. ഇതിന് മറ്റു രാജ്യങ്ങളുടെ നേതാക്കളെയും അവിടത്തെ നിയമവ്യവസ്ഥകളെയും ആദരിക്കാനും ബഹുമാനിക്കാനും തയാറാവുകയാണ് ആദ്യം വേണ്ടത്. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള അന്താരാഷ്ട്ര ബന്ധമുള്ള ഭീകര സംഘടനകള്‍ മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്വേഷം വെടിഞ്ഞ് നല്ല അയല്‍പക്കക്കാരും സുഹൃത്തുക്കളുമാവാന്‍ എല്ലാ രാജ്യങ്ങളും ബോധപൂര്‍വം ശ്രമിക്കണം- അമീര്‍ സൂചിപ്പിച്ചു. സിറിയന്‍ പ്രശ്നം അവസാനിപ്പിക്കുന്നതില്‍ ഇനിയും നാം വിജയിച്ചിട്ടില്ല. ആധുനികലോകത്ത് സിറിയക്കാരെപ്പോലെ ദുരിതം അനുഭവിക്കുന്ന ജനസമൂഹത്തെ കാണാന്‍ സാധ്യമല്ല.
സിറിയന്‍ അഭയാര്‍ഥികള്‍ക്കുനേരെ ഇനിയും ലോകത്തിന്‍െറ സഹായഹസ്തം നീളേണ്ടതുണ്ടെന്നും ഇതിന് കുവൈത്ത് മാതൃകയായി മുന്നിലുണ്ടാകുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു മാസത്തോളമായി നടക്കുന്ന ചര്‍ച്ചകളിലൂടെ രാജ്യത്ത് ശാശ്വത സമാധാനം പുലര്‍ന്നുകാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കുവൈത്തില്‍ തുടരുന്ന യമന്‍ ചര്‍ച്ചയെ സൂചിപ്പിച്ച് അമീര്‍ പറഞ്ഞു.
ഫലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കവെ, എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍പറത്തിയാണ് ജൂതരാഷ്ട്രം ഫലസ്തീനികള്‍ക്കെതിരെ ക്രൂരത തുടരുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും കുവൈത്തിന്‍െറ പിന്തുണയുണ്ടാവുമെന്ന് അമീര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.