പ്രതിസന്ധി താല്‍ക്കാലികമെന്ന് ഖറാഫി നാഷനല്‍

കുവൈത്ത് സിറ്റി: ഖറാഫി നാഷനല്‍ കമ്പനിയിലെ സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്നും തൊഴിലാളികളുടെ ശമ്പള കുടിശ്ശിക വൈകാതെ കൊടുത്തുതീര്‍ക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. രണ്ടുമാസത്തെ ശമ്പളം മാത്രമാണ് മുടങ്ങിയത്. ഇതില്‍തന്നെ മേയ് മാസത്തെ ശമ്പളം 60 ശതമാനം ആളുകള്‍ക്കും നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവരുടേത് ഈമാസം അവസാനത്തോടെ കൊടുത്തുതീര്‍ക്കും. 10,000ത്തിലേറെ ആളുകള്‍ ജോലിചെയ്യുന്ന സ്ഥാപനമാണ് ഖറാഫി നാഷനല്‍. തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ സ്ഥാപനം നല്‍കിവരുന്നു. ഒരുവിഭാഗം തൊഴിലാളികള്‍ മാത്രമാണ് സമരവുമായി രംഗത്തുള്ളത്. ശമ്പള കുടിശ്ശികക്കായി ഏതാനും ദിവസംകൂടി കാത്തുനില്‍ക്കാനുള്ള ആവശ്യം അംഗീകരിക്കാതെ ഇവര്‍ സമരരംഗത്ത് തുടരുന്നത് നിരാശജനകമാണ്. കേരളത്തില്‍ ഉള്‍പ്പെടെ ഖറാഫി നാഷനല്‍ പുതിയ റിക്രൂട്ട്മെന്‍റിന് തയാറെടുക്കുന്നത് നിലവിലെ ജോലിക്കാരെ പിരിച്ചുവിടാനാണെന്ന വാര്‍ത്തക്ക് ഒരടിസ്ഥാനവുമില്ല. സ്റ്റേഡിയം ഉള്‍പ്പെടെ പുതുതായി ലഭിച്ച പ്രോജക്ടുകള്‍ക്കുവേണ്ടിയാണ് സ്ഥാപനം പുതിയ റിക്രൂട്ട്മെന്‍റ് നടത്തുന്നത്. തന്നെയുമല്ല, പിരിഞ്ഞുപോവുന്ന തൊഴിലാളികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും കമ്പനി നല്‍കുന്നുണ്ട് -കമ്പനി അധികൃതര്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.