മരണമണി കാത്ത് സവാബിര്‍ കോംപ്ളക്സ് 

കുവൈത്ത് സിറ്റി: രൂപകല്‍പനയിലെ പ്രത്യേകത മൂലം മൂന്നര പതിറ്റാണ്ടിലേറെയായി തലയെടുപ്പോടെ നില്‍ക്കുന്ന ശര്‍ഖിലെ സവാബിര്‍ പാര്‍പ്പിട സമുച്ചയത്തിന് മരണമണി മുഴങ്ങുന്നു. മേഖലയെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി പുതിയ കെട്ടിടങ്ങള്‍ പണിയുന്നതിനുവേണ്ടി സവാബിര്‍ കോംപ്ളക്സ് പൊളിക്കാനാണ് സര്‍ക്കാര്‍ പദ്ധതി. ഇതിന്‍െറ ഭാഗമായി നഷ്ടപരിഹാരം കൈപറ്റി ഫ്ളാറ്റുകള്‍ ഒഴിയാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ സര്‍ക്കാര്‍ താമസക്കാരോട് ആവശ്യപ്പെട്ടിരുന്നതാണ്. പകുതിയിലേറെ പേര്‍ തങ്ങളുടെ ഉടമസ്ഥാവകാശം ഒഴിഞ്ഞുകൊടുത്തു. 528 ഫ്ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന കോംപ്ളക്സിലെ മതിയായ രേഖകളുള്ള 378 ഫ്ളാറ്റുകളാണ് ഇങ്ങനെ 2012ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. 
ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരമായി 97.9 മില്യന്‍ ദീനാര്‍ നല്‍കിയായിരുന്നു ഒഴിപ്പിക്കല്‍. എന്നാല്‍, ബാക്കിയുള്ള അപ്പാര്‍ട്ട്മെന്‍റുകളിലായി നിരവധിപേര്‍ ഇപ്പോഴും മേല്‍വാടകക്കും മറ്റും താമസിക്കുന്നുണ്ട്. ആളുകളെ പൂര്‍ണമായി ഒഴിപ്പിക്കാത്തതിനാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വൈകുകയാണെന്നും ഇക്കാര്യത്തില്‍ സത്വര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ട കമ്പനി സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന്, സവാബിറില്‍ അവശേഷിക്കുന്ന താമസക്കാര്‍ മാര്‍ച്ച് 31നുള്ളില്‍  ഒഴിയണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്. 1981ല്‍ ആര്‍ക്കിടെക്റ്റ് ആര്‍തര്‍ എറിക്സണിന്‍െറ മേല്‍നോട്ടത്തിലാണ് ശര്‍ഖില്‍ ആകര്‍ഷകമായ രൂപകല്‍പനയില്‍ 2,45,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 33 കെട്ടിടങ്ങളിലായി സവാബിര്‍ കോംപ്ളക്സ് പിറിവിയെടുത്തത്. തുടര്‍ന്ന്, സ്വദേശികള്‍ക്ക് താമസത്തിനായി നല്‍കിയ സമുച്ചയം ഫ്ളാറ്റുടമകള്‍ പിന്നീട് വിദേശികളുള്‍പ്പെടെയുള്ളവര്‍ക്ക് മേല്‍വാടകക്ക് നല്‍കിവരുകയായിരുന്നു. 
നിരവധി മലയാളികളടക്കം ഇവിടെ താമസിച്ചിരുന്നു. കോംപ്ളക്സുമായി ബന്ധപ്പെട്ട് ലഭിച്ച വിവിധ പരാതികളും അടുത്തിടെയായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തീപിടിത്തം പോലുള്ള സംഭവങ്ങളുമാണ് സവാബിര്‍ കോംപ്ളക്സ് ഏറ്റെടുത്ത് പൊളിച്ചുകളയാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങളെന്നാണ് കണക്കാക്കപ്പെടുന്നത്. സവാബിര്‍ കോംപ്ളക്സില്‍നിന്ന് ഒഴിയുന്നവര്‍ക്കുവേണ്ടി വടക്കന്‍ സുലൈബീകാത്തില്‍ പ്രത്യേക താമസ കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്. എന്നാല്‍, ഇവിടെ മതിയായ സൗകര്യമില്ളെന്നാണ് നിലവില്‍ താമസം മാറിയവരുടെ പരാതി. പബ്ളിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയറിന്‍െറ ആഭിമുഖ്യത്തില്‍ അഞ്ചു നിലകള്‍ വീതമുള്ള 62 കെട്ടിടങ്ങളാണ് സുലൈബീകാത്തില്‍ പണിതിരിക്കുന്നത്. ജലലഭ്യതയില്ലായ്മ, പാര്‍ക്കിങ് സൗകര്യക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടെന്ന് താമസംമാറിയവര്‍ ചൂണ്ടിക്കാട്ടുന്നു.
 എന്നാല്‍, താരതമ്യേന മികച്ച സൗകര്യങ്ങളോടെയാണ് സുലൈബീകാത്തില്‍ താമസകെട്ടിടങ്ങള്‍ നിര്‍മിച്ചതെന്നും ആക്ഷേപമുള്ളവര്‍ അറിയിക്കുന്നതനുസരിച്ച് ഇനിയും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും പബ്ളിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.