അലപ്പോ വിഷയത്തില്‍ കുവൈത്ത്  അറബ് മന്ത്രിതല യോഗം വിളിച്ചു

കുവൈത്ത് സിറ്റി: സിറിയയിലെ അലപ്പോയിലെ കൂട്ടക്കുരുതി സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കുവൈത്ത് അറബ് രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചു. അടുത്ത തിങ്കളാഴ്ചയാണ് അറബ് മന്ത്രിതല യോഗം നടക്കുക. അറബ് ലീഗിലെ കുവൈത്തിന്‍െറ സ്ഥിരം പ്രതിനിധി അഹ്മദ് അബ്ദുറഹ്മാന്‍ അല്‍ ബകര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്. അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ അലപ്പോയിലെ പ്രശ്നം പരിഹരിക്കാന്‍ എന്തുചെയ്യാന്‍ കഴിയുമെന്ന് ചര്‍ച്ചചെയ്യും. 
കൂട്ടക്കുരുതിക്കെതിരെ അന്താരാഷ്ട്ര സമൂഹവും സുരക്ഷാ കൗണ്‍സിലും ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വാര്‍ത്താകുറിപ്പ് ഇറക്കി. 
അതിനിടെ, സിറിയയിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കെതിരെ കുവൈത്തില്‍ പ്രതിഷേധം ശക്തമാണ്. പാര്‍ലമെന്‍റിലും പ്രതിഷേധ സ്വരങ്ങള്‍ മുഴങ്ങി. സിറിയയിലെ കുട്ടികളുടെ ദുരിതം എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ എം.പിമാരിലെ പ്രമുഖന്‍ വലീദ് തബ്തബാഇ പാര്‍ലമെന്‍റില്‍ പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന്‍െറ ആഹ്വാനപ്രകാരമാണ് കുവൈത്തിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ പ്രതിഷേധ സമരം നടന്നത്.
 റഷ്യന്‍ പിന്തുണയോടെ ഇറാനും സിറിയന്‍ സൈന്യവും നടത്തുന്ന ആക്രമണം ക്രൂരമാണെന്നും ഇതിനെതിരെ അറബ് രാജ്യങ്ങള്‍ പ്രതികരിക്കണമെന്നും പ്രതിപക്ഷ എം.പിമാര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിന്‍െറ നിസ്സംഗത നിരാശപ്പെടുത്തുന്നതാണെന്ന് ജമാന്‍ അല്‍ ഹര്‍ബഷ് എം.പി പറഞ്ഞു. അലപ്പോയിലെ സിവിലിയന്മാരെ സഹായിക്കാന്‍ പള്ളികള്‍ കേന്ദ്രീകരിച്ച് സഹായധനം സ്വരൂപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
റഷ്യയുടെയും ഇറാന്‍െറയും കുവൈത്തിലെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കണമെന്ന് അബ്ദുല്ല ഫഹദ് എം.പി ആവശ്യപ്പെട്ടു. 
സിറിയന്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ മാത്രം അടുത്ത ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ ഒരു സെഷന്‍ മാറ്റിവെക്കണമെന്ന് ഏതാനും എം.പിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.