കുവൈത്ത് സിറ്റി: കുവൈത്തില്‍ തുടരുന്ന ശക്തമായ ചൂട് ബുധനാഴ്ച മുതല്‍ കുറയുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍. പ്രമുഖ കാലാവസ്ഥാ വിദഗ്ധന്‍ ആദില്‍ അല്‍ സൗദാന്‍െറ പ്രവചന പ്രകാരം 24 മുതല്‍ ക്രമേണ കുറഞ്ഞുവരും. നാഷനല്‍ അമേരിക്ക ആസ്ഥാനമായ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ ജൂലൈ മാസം 137 വര്‍ഷത്തെ കൂടിയ ചൂടിനാണ് കുവൈത്ത് സാക്ഷ്യം വഹിച്ചത്.
രണ്ടുദിവസം മുമ്പ് പുറത്തുവന്ന നാസയുടെ കാലാവസ്ഥാ സ്ഥിതി വിവരക്കണക്കനുസരിച്ചും കഴിഞ്ഞ ജൂലൈ ചൂടിന്‍െറ കാര്യത്തില്‍ റെക്കോഡ് ഭേദിച്ച മാസമായിരുന്നു. ഒരു ദിവസത്തെ ചൂട് പരിഗണിച്ചാലും ഇതുതന്നെയാണവസ്ഥ. ജൂലൈ 17ന് കുവൈത്തിലെ മിത്രിബയില്‍ രേഖപ്പെടുത്തിയ 54 ഡിഗ്രി സെല്‍ഷ്യസ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് വരെ അനുഭവപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂടാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അതിനിടെ, അറേബ്യന്‍ ഉപദ്വീപിലെ കാലാവസ്ഥയില്‍ ഗണ്യമായ മാറ്റം വിളംബരം ചെയ്ത് ‘സുഹൈല്‍’ നക്ഷത്രത്തിന്‍െറ ഉദയം അടുത്ത ബുധനാഴ്ചയുണ്ടാകുമെന്ന് പ്രമുഖ ഗോളനിരീക്ഷകനും സിവില്‍ എവിയേഷന്‍ വകുപ്പിലെ കാലാവസ്ഥാ വിഭാഗം ഉപദേഷ്ടാവുമായ ഈസ അല്‍ റമദാന്‍ അറിയിച്ചു.
അറേബ്യന്‍ ഉപദ്വീപിന്‍െറ തെക്കുഭാഗത്ത് ആഗസ്റ്റ് 24ന് പുലര്‍ച്ചെ ഈ പ്രതിഭാസം ദൃശ്യമാകുമെങ്കിലും കുവൈത്തില്‍ സെപ്റ്റംബര്‍ അഞ്ചോടെ മാത്രമേ സുഹൈല്‍ നക്ഷത്രത്തെ ദര്‍ശിക്കാനാവൂ എന്ന് അദ്ദേഹം പറഞ്ഞു. കടുത്ത ചൂടിന് ശേഷം മിതശീതോഷ്ണമായ നല്ല കാലാവസ്ഥക്കാണ് രാജ്യം വരും മാസങ്ങളില്‍ സാക്ഷിയാവുക. ഇതിനുശേഷം നവംബറോടെ തണുപ്പ് തുടങ്ങും. അതേസമയം, ചൊവ്വാഴ്ചയും കുവൈത്തില്‍ കനത്ത ചൂട് അനുഭവപ്പെട്ടു. ചൊവ്വാഴ്ച സുലൈബിയയില്‍ അനുഭവപ്പെട്ടത് ലോകത്തിലെതന്നെ കൂടിയ ചൂടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.