വിമോചനത്തിനുശേഷം തുടങ്ങിയ  വിദ്യാഭ്യാസ വിപ്ളവത്തിന് 25 വയസ്സ്

കുവൈത്ത് സിറ്റി: സദ്ദാം ഹുസൈന്‍െറ കിരാതമായ അധിനിവേശത്തെ തുടര്‍ന്ന് നിശ്ചലമായ രാജ്യത്തെ വിദ്യാഭ്യാസ മേഖലക്ക് പുതുജീവന്‍ പകര്‍ന്ന് രാജ്യത്ത് രണ്ടാം വിദ്യാഭ്യാസ വിപ്ളത്തിന് തുടക്കം കുറിച്ചിട്ട് കാല്‍ നൂറ്റാണ്ട് പിന്നിടുന്നു. ബയാന്‍ കൊട്ടാര മുറ്റത്ത് പ്രത്യേകം തയാറാക്കിയ വേദിയില്‍ അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആണ് രാജ്യം വിദ്യാഭ്യാസത്തിന്‍െറ പുതിയ മേഖലകളിലേക്ക് പ്രവേശിക്കുകയാണെന്ന വിളംബരം ചെയ്ത് തീജ്വാല പകര്‍ന്നുനല്‍കിയത്. 1990 ആഗസ്റ്റ്് രണ്ടിന് ഇറാഖി പട്ടാളം കുവൈത്തിലേക്ക് നടത്തിയ അധിനിവേശം എല്ലാം തകര്‍ത്ത കൂട്ടത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലക്കും വ്യാപകമായ നാശമാണ് വരുത്തിവെച്ചത്. അധിനിവേശത്തിന്‍െറ നീണ്ട കാലം രാജ്യത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍ണമായി നിശ്ചലമായെന്ന് മാത്രമല്ല, വിദ്യാലയങ്ങള്‍ ജയിലറകളും തടവറകളുമായി രൂപാന്തരപ്പെടുകയും ചെയ്യുകയായിരുന്നു. സഖ്യസേനയുടെ യുദ്ധത്തിനൊടുവില്‍ ഇറാഖി പട്ടാളം കുവൈത്ത് വിട്ടുപോയതോടെ എല്ലാ മേഖലയിലെന്നതുപോലെ വിദ്യാഭ്യാസ മേഖലയിലും പുതിയ ഉണര്‍വ് പകരുകയാണ് അന്നത്തെ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ചെയ്തത്. ശൈഖ് ജാബിറിന്‍െറ അന്നത്തെ പ്രഖ്യാപനത്തോടെ വിദ്യാഭ്യാസത്തിന്‍െറ പുതിയ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്. അധിനിവേശത്തിന് മുമ്പത്തേതിനേക്കാള്‍ വിദ്യാലയങ്ങളുടെ എണ്ണം വര്‍ധിക്കുകയും ഉന്നത വിദ്യാഭ്യാസ രംഗം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്തു. സ്വദേശി വിദ്യാര്‍ഥികള്‍ക്കെന്നപോലെ വിദേശ വിദ്യാര്‍ഥികള്‍ക്കായി സ്വകാര്യ സ്കൂളുകള്‍ വ്യാപകമാകാനും ഇത് കാരണമായി. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി പഠനത്തില്‍ മികവുപുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ആദരിക്കല്‍, സ്കോളര്‍ഷിപ് തുടങ്ങിയ പ്രോത്സാഹന പരിപാടികള്‍ ആരംഭിച്ചത് വിമോചനാനന്തരമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.