വിദേശികളുടെ തൊഴില്‍ കാലാവധി പരിമിതപ്പെടുത്താന്‍ നിര്‍ദേശം

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യക്കാരും യൂറോപ്യന്‍ പൗരന്മാരും ഒഴികെയുള്ള വിദേശികള്‍ക്ക് പരമാവധി കുവൈത്തില്‍ ജോലിചെയ്യാവുന്ന കാലാവധി പരിമിതപ്പെടുത്താന്‍ കരടുനിര്‍ദേശം. സുപ്രീം കൗണ്‍സില്‍ ഫോര്‍ പ്ളാനിങ് നടത്തിയ പഠനത്തിലാണ് ഈ നിര്‍ദേശം. പാര്‍ലമെന്‍റ് അംഗീകരിച്ച് നിയമമായാല്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് നാടുവിടേണ്ടിവരും. ജനസംഖ്യാ ഘടന സംബന്ധിച്ച പഠനം നടത്താന്‍ പാര്‍ലമെന്‍റ് ഏല്‍പിച്ചതനുസരിച്ചാണ് സുപ്രീം കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ തയാറാക്കിയത്.
സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം ക്രമീകരിക്കുന്നതിന്‍െറ ഭാഗമായി 60 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വിസില്‍നിന്ന് പിരിച്ചുവിടാന്‍ കഴിഞ്ഞവര്‍ഷം ആസൂത്രണ വകുപ്പ് തയാറാക്കിയ ജനസംഖ്യാനുപാതിക റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ടായിരുന്നു. ചില പ്രത്യേക രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളികള്‍ അധികരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വിദേശ രാജ്യങ്ങള്‍ക്ക് ക്വോട്ട നിശ്ചയിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരുന്നു.  രാജ്യത്തെ മൊത്തം വിദേശ തൊഴിലാളികളില്‍ 25.3 ശതമാനമാനം പേര്‍ ഇന്ത്യക്കാരാണ്. ഈജിപ്തുകാരാണ് കുവൈത്തിലെ തൊഴില്‍ സമൂഹത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വിഭാഗം. മൊത്തം തൊഴിലാളികളില്‍ 23 ശതമാനം വരും ഈജിപ്തുകാരുടെ തോത്. ഇക്കാര്യത്തില്‍ സ്വദേശികളാണ് മൂന്നാം സ്ഥാനത്ത്. പൊതുമേഖലയിലും  സ്വകാര്യമേഖലകളിലുമായി 19.1 ശതമാനം സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ബംഗ്ളാദേശ്, പാകിസ്താന്‍, ഫിലിപ്പീന്‍, സിറിയ, നേപ്പാള്‍, ഇറാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുളള തൊഴിലാളികളാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്. സ്വദേശി ജനസംഖ്യയുടെ രണ്ടിരട്ടി വരുന്ന വിദേശി സമൂഹത്തെ അധികകാലം രാജ്യത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍
അടിയന്തര നടപടികളിലൂടെ ജനസംഖ്യാ സന്തുലനം സാധ്യമാക്കണമെന്ന് നിര്‍ദേശിക്കുന്നു.
 ഇതിനുള്ള പ്രാരംഭ നടപടി എന്ന നിലക്കാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ 60 വയസ്സ് കഴിഞ്ഞ വിദേശികള്‍ക്ക് സര്‍വിസ് നീട്ടിനല്‍കരുതെന്ന് ശിപാര്‍ശ ചെയ്
തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.