‘ബേണിങ് വെല്‍സ്’ ഷൂട്ടിങ് അടുത്ത വര്‍ഷം കുവൈത്തില്‍

കുവൈത്ത് സിറ്റി: 1990ലെ കുവൈത്ത് യുദ്ധത്തെ അടിസ്ഥാനമാക്കി ഹോളിവുഡ് സംവിധായകന്‍ സോഹന്‍ റോയിയും പ്രശസ്ത മലയാള സംവിധായകന്‍ ഐ.വി. ശശിയും ചേര്‍ന്ന് ഒരുക്കുന്ന സിനിമയുടെ ഷൂട്ടിങ് 2017ല്‍ കുവൈത്തില്‍ നടക്കും. ‘ബേണിങ് വെല്‍സ്’ എന്നു പേരിട്ട സിനിമ ഇംഗ്ളീഷ്, അറബി, ഹിന്ദി ഭാഷകളില്‍ ചിത്രീകരിക്കും.
കുവൈത്ത് യുദ്ധത്തിന്‍െറ കെടുതികള്‍മൂലം വേരു പിഴുതെറിയപ്പെട്ട ഒരു മനുഷ്യനിലൂടെയാണ് കഥ വികസിക്കുന്നത്. ത്രീഡിയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ഹോളിവുഡിലെയും ഇന്ത്യയിലെയും പ്രശസ്ത അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും പങ്കാളികളാവും. വന്‍ബജറ്റിലാണ് സിനിമ നിര്‍മിക്കുന്നത്. അഞ്ച് ഓസ്കര്‍ നാമനിര്‍ദേശമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയ ‘ഡാം 999’ എന്ന ഹോളിവുഡ് ചിത്രത്തിന് ശേഷമാണ് സോഹന്‍ റോയ് ബിഗ് ബജറ്റ് പ്രോജക്ടുമായി രംഗത്തുവരുന്നത്. പത്ത് മില്യണ്‍ ഡോളര്‍ ചെലവിട്ട് ഇന്‍ഡിവുഡ് എന്ന പേരില്‍ സിനിമാ സിറ്റി തുടങ്ങാന്‍ തീരുമാനിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില്‍ ഒരുക്കും. അന്തര്‍ ദേശീയ സിനിമാ പ്രോജക്ടുകളുമായി നിര്‍മാണ പങ്കാളിത്തം ഉള്‍പ്പെടെ ആലോചനയിലുണ്ട്. ‘ബേണിങ് വെല്‍’ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാകും. ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയില്‍ ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്‍െറ രണ്ടാം പതിപ്പിന് സെപ്റ്റംബര്‍ 24 മുതല്‍ 27 വരെ അരങ്ങൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 75 രാജ്യങ്ങളില്‍നിന്നുള്ള 2000 ഡെലിഗേറ്റുകള്‍ ഉള്‍പ്പെടെ 20,000പേര്‍ മേളയില്‍ സംബന്ധിക്കും. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവാണ് മേളയുടെ മുഖ്യ രക്ഷാധികാരി. ഫിലിം ഫെസ്റ്റിവല്‍, ഗോള്‍ഡന്‍ ഫ്രെയിം അവാര്‍ഡ് വിതരണം, ഇന്‍ഡിവുഡ് ഫിലിം മാര്‍ക്കറ്റ്, ഇന്‍റര്‍നാഷനല്‍ ഫിലിം ബിസിനസ് അവാര്‍ഡ്, നിക്ഷേപക സംഗമം, സമ്മേളനങ്ങള്‍, ശില്‍പശാലകള്‍, ടാലന്‍റ് ഹണ്ട് തുടങ്ങി ബഹുമുഖ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവല്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.