രാജ്യത്തെ വൈദ്യുതി ഉപയോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ എക്കാലത്തെയും കൂടിയ വൈദ്യുതി ഉപയോഗമാണ് കഴിഞ്ഞദിവസം രേഖപ്പെടുത്തിയത്. 13,390 മെഗാവാട്ട് വൈദ്യുതിയാണ് രാജ്യത്ത് കഴിഞ്ഞ ദിവസം വിനിയോഗിച്ചത്. ജൂലൈ 17ലെ 13,310 മെഗാവാട്ട് ആണ് ഇതിന് മുമ്പത്തെ കൂടിയ ഉപഭോഗം. ജല, വൈദ്യുതി മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ചാണിത്. കടുത്ത ചൂട് കാരണം എയര്‍കണ്ടീഷനുകള്‍ കൂടുതലായി ഉപയോഗിച്ചതാണ് ഉപഭോഗം കൂടാനിടയാക്കിയത്. അതേസമയം, 15,000 മെഗാവാട്ട് വരെ ഉയര്‍ന്നാലും വഹിക്കാനുള്ള ശേഷിയുണ്ടെന്ന് മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. ആളോഹരി വൈദ്യുതിയുടെ ഉപയോഗത്തില്‍ ലോകതലത്തില്‍ കുവൈത്ത് മുന്നിലാണെന്ന് ജല-വൈദ്യുതി മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ബൂഷഹരി ഏപ്രിലില്‍ പറഞ്ഞിരുന്നു. രാജ്യത്തെ ഒരു പൗരന്‍ പ്രതിവര്‍ഷം ശരാശരി 15,700  മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. വൈദ്യുതി ഉപയോഗത്തിന്‍െറ കാര്യത്തില്‍ ലോകതലത്തില്‍ ഒന്നാം സ്ഥാനമാണെങ്കില്‍ ജലത്തിന്‍െറ ഉപയോഗത്തില്‍ മൂന്നാം സ്ഥാനവും കുവൈത്തിന് തന്നെയാണ്. രാജ്യത്തെ  ഒരു പൗരന്‍ പ്രതിദിനം ശരാശരി 500 ലിറ്റര്‍ വെള്ളം പല ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് തീര്‍ക്കുന്നുണ്ടെന്നാണ് കണക്ക്. മോറിത്താനിയ കഴിഞ്ഞാല്‍ ലോകത്ത് ശുദ്ധജല ദൗര്‍ലഭ്യം ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന കുവൈത്തിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കടല്‍വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമുണ്ടാക്കാനും വൈദ്യുതി ഉല്‍പാദിപ്പിക്കാനുമായി ദിനംപ്രതി 3,25,000 ബാരല്‍ പെട്രോളാണ് രാജ്യം കത്തിച്ചുകൊണ്ടിരിക്കുന്നത്. 2035 ആവുമ്പോഴേക്ക് ഇവയുടെ ഉല്‍പാദനത്തിനായി പ്രതിദിനം ഒമ്പതുലക്ഷം ബാരല്‍ പെട്രോള്‍ കത്തിച്ചുതീര്‍ക്കേണ്ടിവരും. രാജ്യത്തെ ജലത്തിന്‍െറയും വൈദ്യുതിയുടെയും ഉപയോഗത്തിന് പരിധി നിശ്ചയിക്കണമെന്ന ഉന്നത ആസൂത്രണ സമിതിയുടെ നിര്‍ദേശം എങ്ങുമത്തെിയിട്ടില്ല.

ജൂലൈ സാക്ഷ്യം വഹിച്ചത് 137 വര്‍ഷത്തെ കൂടിയ ചൂടിന്
കുവൈത്ത് സിറ്റി: ജൂലൈ മാസം സാക്ഷ്യം വഹിച്ചത് 137 വര്‍ഷത്തെ കൂടിയ ചൂടിന്. നാഷനല്‍ അമേരിക്ക ആസ്ഥാനമായ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ചാണിത്. രണ്ടുദിവസം മുമ്പ് പുറത്തുവന്ന നാസയുടെ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കനുസരിച്ചും കഴിഞ്ഞ ജൂലൈ ചൂടിന്‍െറ കാര്യത്തില്‍ റെക്കോഡ് ഭേദിച്ച മാസമായിരുന്നു. ഒരു ദിവസത്തെ ചൂട് പരിഗണിച്ചാലും ഇതുതന്നെയാണവസ്ഥ. ജൂലൈ 17ന് കുവൈത്തിലെ മിത്രിബയില്‍ രേഖപ്പെടുത്തിയ 54 ഡിഗ്രി സെല്‍ഷ്യസ് ഏഷ്യന്‍ രാജ്യങ്ങളില്‍ ഇത് വരെ അനുഭവപ്പെട്ടതില്‍ ഏറ്റവും കൂടിയ ചൂടാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. 913ല്‍ കാലിഫോര്‍ണിയയിലെ ഫര്‍നെയിസ് ക്രീക്കില്‍ അനുഭവപ്പെട്ട 56.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ലോകത്ത് ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കൂടിയ താപനില. ഓരോ വര്‍ഷവും ചൂട് കൂടിവരുകയാണ്. ഇത് തുടര്‍ന്നാല്‍ ഏതാനും ദശകങ്ങള്‍ക്കപ്പുറം ഇവിടെ ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വരുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.