കുവൈത്തിലെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്നവര്‍ 16 ലക്ഷം കവിഞ്ഞു

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം 16 ലക്ഷം കവിഞ്ഞതായി വെളിപ്പെടുത്തല്‍. 5,49,312 പേരുമായി ഇന്ത്യക്കാരാണ് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വിദേശി സമൂഹം. തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അല്‍ സബീഹ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 16,40,808 ആണ് രാജ്യത്തെ  സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശികളുടെ മൊത്തം എണ്ണം.
ഇതില്‍ 5,49,312 പേരുമായി ഇന്ത്യക്കാര്‍ ഒന്നാമതും 4,48,141 പേരുമായി ഈജിപ്ത് സ്വദേശികള്‍ രണ്ടാമതുമാണ്. 1,52,331 ആണ് പട്ടികയില്‍ മൂന്നാമതുള്ള ബംഗ്ളാദേശുകാരുടെ എണ്ണം. 9,32,16 പാകിസ്താനികളും 83,465 ഫിലിപ്പീന്‍ പൗരന്മാരും വിവിധ സ്വകാര്യസ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നതായാണ് ഒൗദ്യോഗിക കണക്ക്. തൊഴില്‍ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിലാണ് തൊഴില്‍മന്ത്രി ഹിന്ദ് അല്‍ സബീഹ് സ്വകാര്യമേഖലയിലെ വിദേശി സാന്നിധ്യത്തെ കുറിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തിയത്.
വിസക്കച്ചവടവും മനുഷ്യക്കടത്തും തടയാനായി മന്ത്രാലയം കൈക്കൊണ്ട നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്. വിദേശികളെ രാജ്യത്തത്തെിച്ചശേഷം വാഗ്ദാനം ചെയ്ത ജോലി നല്‍കാത്തതിന് 325ഓളം സ്ഥാപന ഉടമകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.
ഇവ ഉള്‍പ്പെടെ ഈ വര്‍ഷം മാത്രം 1023 സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍നിയമ ലംഘനത്തിന് നടപടി സ്വീകരിച്ചതായും മന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഗാര്‍ഹിക മേഖലയില്‍ കൂടുതലുള്ളത്  ഇന്ത്യന്‍ തൊഴിലാളികളാണ് എന്ന് കഴിഞ്ഞമാസം ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍  സൂചിപ്പിച്ചിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.