മഞ്ഞപ്പട്ടണിഞ്ഞ് വഫ്റയും അബ്ദലിയും

കുവൈത്ത് സിറ്റി: കുവൈത്തുള്‍പ്പെടെ അറബ് മേഖല ഈന്തപ്പനകളുടെ വൈവിധ്യംകൊണ്ട് പ്രശസ്തമാണെങ്കിലും രാജ്യത്തിന്‍െറ സ്വന്തം ഈന്തപ്പന എന്ന പേരില്‍ പ്രസിദ്ധമായത് ‘അല്‍ ബര്‍ഹി അല്‍ അസ്ഫര്‍’ തന്നെയാണ്.
വിദഗ്ധനായ ഒരു പെയ്ന്‍റര്‍ സ്വര്‍ണക്കളര്‍ പൂശിയതുപോലെ തോന്നിക്കും ഈന്തപ്പനക്കുലകളില്‍ റുതബ് പാകമായി കിടക്കുന്നത് കണ്ടാല്‍. മറ്റ് ഈത്തപ്പഴങ്ങളെ അപേക്ഷിച്ച് കടുത്ത മഞ്ഞനിറമായിരിക്കും റുതബ് കാലത്ത് ഈ ഈത്തപ്പഴങ്ങള്‍ക്ക് എന്നതുകൊണ്ടാണ് ഇതിന് മഞ്ഞക്കളര്‍ ബര്‍ഹി എന്ന അര്‍ഥത്തിലുള്ള ‘അല്‍ ബര്‍ഹി അല്‍ അസ്ഫര്‍’ എന്ന പേരു ലഭിച്ചത്.
മറ്റ് അറബ് രാജ്യങ്ങളിലേതുപോലെ വിവിധതരത്തിലുള്ള ഈന്തപ്പനകള്‍ കുവൈത്തിലുണ്ടെങ്കിലും അതില്‍ ചിലതെല്ലാം പേരിന് മാത്രം കായ്ക്കുകയും വിളവെടുപ്പ് നടക്കുന്നവയുമാണ്.
എന്നാല്‍, മഞ്ഞ ബര്‍ഹിയുടെ സ്ഥിതി വ്യത്യസ്തമാണ്. രാജ്യത്തിന്‍െറ ആവശ്യത്തിനനുസരിച്ചുള്ള വിളവ് ലഭിക്കുന്നതില്‍ ബര്‍ഹി തോട്ടങ്ങള്‍ ഇതുവരെ ചതിച്ചിട്ടില്ളെന്ന് വഫ്റയിലെ പ്രമുഖ കര്‍ഷകനായ അബ്ദുല്‍ കരീം അല്‍ സംഖറാത്തി പറഞ്ഞു.
രാജ്യത്തിന്‍െറ കാര്‍ഷികമേഖലയായി അറിയപ്പെടുന്ന വഫ്റയിലും അബ്ദലിയിലുമാണ് അല്‍ ബഹ്രി അല്‍ അസ്ഫര്‍ കൂടുതല്‍ വിളയുന്നത്.
അബ്ദലിയിലെയും വഫ്റയിലെയും കാര്‍ഷിക മേഖലകളിലൂടെ ഈ സീസണില്‍ വാഹനമോടിക്കുകയോ നടന്നുപോവുകയോ ചെയ്യുകയാണെങ്കില്‍ മഞ്ഞക്കളര്‍ കോരിയൊഴിച്ചതുപോലെയുള്ള ഈന്തപ്പന മരങ്ങളായിരിക്കും ആദ്യം കണ്ണില്‍പ്പെടുക. എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തിന്‍െറ തുടക്കത്തോടെയാണ് വിളവുകാലം ആരംഭിക്കുന്നത്.
കാഴ്ചഭംഗി പ്രധാനം ചെയ്യുന്നതുപോലെതന്നെയാണ് മഞ്ഞ ബര്‍ഹിയുടെ രുചിയും. പഞ്ചസാര കലക്കി ഒഴിച്ചതുപോലുള്ള മധുരവും പച്ച പപ്പായ തിന്നുമ്പോഴുള്ള കറുമുറു ശബ്ദവും ഈ ഇനത്തിന്‍െറ പ്രത്യേകതയാണ്. കൂടുതല്‍ പഴുത്ത് ഈത്തപ്പഴമായി സൂക്ഷിച്ച് കഴിക്കുന്നതിനേക്കാള്‍ ഇതിന്‍െറ റുതബ് കഴിക്കാനാണ് സ്വദേശികളും വിദേശികളും ഏറെ ഇഷ്ടപ്പെടുന്നതെന്ന് അബ്ദുല്‍ കരീര്‍ അല്‍ സംഖറാതി പറഞ്ഞു.
വഫ്റയിലെ തന്‍െറ തോട്ടത്തില്‍ ഈ വര്‍ഷം 2600 മഞ്ഞ ബര്‍ഹി ഈന്തപ്പനകളില്‍ റുതബ് വിളവെടുപ്പിന് പാകമായിരിക്കുന്നുണ്ടെന്നും കഴിഞ്ഞ സീസണില്‍ 160 ടണിന്‍െറ വിളവെടുപ്പ് നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.