സ്വദേശി നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധിക്ക് അനുമതി

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളിലും ക്ളിനിക്കുകളിലും സേവനം ചെയ്യുന്ന സ്വദേശി നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം വിശ്രമദിനം അനുവദിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന്‍െറ അനുമതി. കുവൈത്ത് നഴ്സിങ് അസോസിയേഷന്‍ ഡിപ്പാര്‍ട്മെന്‍റില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കവെ ആരോഗ്യമന്ത്രി ഡോ. അലി അല്‍ഉബൈദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആരോഗ്യമേഖലയിലെ വിവിധ ഡിപ്പാര്‍ട്മെന്‍റുകളില്‍ ജോലി ചെയ്യുന്ന സ്വദേശി നഴ്സുമാര്‍ക്ക് മറ്റുള്ളവരെപ്പോലെ ആഴ്ചയിലൊരു വിശ്രമദിനം മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഒരു വര്‍ഷക്കാലമായി പരീക്ഷണാര്‍ഥം കുവൈത്തി നഴ്സുമാര്‍ക്ക് ആഴ്ചയില്‍ രണ്ടുദിവസം അവധി നല്‍കിവരുന്നുണ്ട്. സ്വദേശി നഴ്സുമാര്‍ക്ക് ഇങ്ങനെ രണ്ടു നാളുകള്‍ അവധിനല്‍കുന്നത് വിദേശ നഴ്സുമാരുടെ ജോലിഭാരം കൂട്ടുമെങ്കിലും അതുമൂലം വലിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നില്ളെന്ന് മനസ്സിലാക്കിയതിന്‍െറ അടിസ്ഥാനത്തിലാണ് ഒൗദ്യോഗികമായി ഈ നിയമം പ്രാബല്യത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ക്രമേണ ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്ന ബിദൂനി നഴ്സുമാര്‍ക്കും മറ്റു ജി.സി.സി രാജ്യങ്ങളില്‍നിന്നുള്ള നഴ്സുമാര്‍ക്കും ആഴ്ചയില്‍ രണ്ടുദിവസം അവധിനല്‍കുന്നത് പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
വിവിധതരത്തിലുള്ള രോഗികളെ നിരന്തരമായി പരിചരിക്കുന്നത് മൂലമുണ്ടാകുന്ന മാനസിക പിരിമുറുക്കം കുറക്കാനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലമായി ജോലിചെയ്യാനും ഇടയാക്കുമെന്ന് കണ്ടത്തെിയതിന്‍െറ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് നടപ്പാക്കുന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.