കുവൈത്ത് സിറ്റി: ജലം, വൈദ്യുതി നിരക്ക് വര്‍ധന സംബന്ധിച്ച ബില്‍ പാര്‍ലമെന്‍റില്‍ പാസായതോടെ തിരിച്ചടി വിദേശികള്‍ക്ക്. സ്വദേശിവീടുകളും സ്വദേശികള്‍ താമസിക്കുന്ന അപ്പാര്‍ട്മെന്‍റുകളും ഒഴിവാക്കപ്പെട്ടതോടെ വര്‍ധന കാര്യമായി ബാധിക്കുക വിദേശികളെ മാത്രമാവും. അപ്പാര്‍ട്മെന്‍റുകളിലും വില്ലകളിലും താമസിക്കുന്ന വിദേശികളെയെല്ലാം നിരക്ക് വര്‍ധന ബാധിക്കും.
ഉപഭോക്താക്കളെ സ്വകാര്യ (സ്വദേശി) വീടുകള്‍, ഇന്‍വെസ്റ്റ്മെന്‍റ് കെട്ടിടങ്ങള്‍ (വിദേശികള്‍ക്ക് വാടകക്ക് നല്‍കുന്ന വീടുകളും അപ്പാര്‍ട്മെന്‍റുകളും ഇതിലാണ് വരുക), വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ (കൃഷിയടക്കം) എന്നിങ്ങനെ നാലുവിഭാഗങ്ങളാക്കി തിരിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച വൈദ്യുതി, ജലം നിരക്ക് വര്‍ധന ശിപാര്‍ശയാണ് പാസായത്. ഇതില്‍ സ്വദേശിവീടുകളെയും സ്വദേശികള്‍ താമസിക്കുന്ന അപ്പാര്‍ട്മെന്‍റുകളെയും പൂര്‍ണമായും ഒഴിവാക്കി.
ഇന്‍വെസ്റ്റ്മെന്‍റ് കെട്ടിടങ്ങള്‍ക്ക് 1000 കിലോവാട്ട് വരെ കിലോവാട്ടിന് അഞ്ചുഫില്‍സ്, 1000 കിലോവാട്ട് മുതല്‍ 2000 കിലോവാട്ട് വരെ 10 ഫില്‍സ്, അതിനുമുകളില്‍ 15 ഫില്‍സ് എന്നിങ്ങനെയാണ് വൈദ്യുതിനിരക്ക് വര്‍ധന. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് എത്ര ഉപയോഗിച്ചാലും കിലോവാട്ടിന് 25 ഫില്‍സ്, വ്യവസായങ്ങള്‍ക്ക് എത്ര ഉപയോഗിച്ചാലും കിലോവാട്ടിന് 10 ഫില്‍സ് എന്നിങ്ങനെയും കൂടും. ഇന്‍വെസ്റ്റ്മെന്‍റ് കെട്ടിടങ്ങളില്‍ 3000 ഗാലണ്‍ വരെ വെള്ളമുപയോഗിക്കുന്നവര്‍ക്ക് രണ്ടു ദിനാര്‍, 6000 ഗാലണ്‍ വരെ മൂന്നു ദിനാര്‍, അതിനുമുകളില്‍ നാലു ദിനാര്‍ എന്നിങ്ങനെയാണ് വെള്ളക്കര വര്‍ധന. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് എത്ര ഉപയോഗിച്ചാലും നാലു ദിനാറും വ്യവസായങ്ങള്‍ക്ക് എത്ര ഉപയോഗിച്ചാലും രണ്ടര ദിനാറുമാണ് നിരക്ക്. നിരക്ക് വര്‍ധിക്കുന്നതോടെ വിദേശികള്‍ താമസിക്കുന്ന അപ്പാര്‍ട്മെന്‍റുകളിലെയും വില്ലകളിലെയും വൈദ്യുതിനിരക്ക് കുത്തനെ കൂടും.
നിലവില്‍ ഇടത്തരം അപ്പാര്‍ട്മെന്‍റുകളില്‍ പ്രതിമാസം ശരാശരി അഞ്ചുമുതല്‍ ഏഴു ദിനാര്‍ വരെയാണ് വൈദ്യുതി ചാര്‍ജ് വരുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍വരുന്നതോടെ ഇത് 50 ദിനാറിന് മുകളിലാവും. ഇത് താമസക്കെട്ടിടങ്ങളില്‍ വാടക വര്‍ധിക്കാനിടയാക്കും. ഈമാസം 14നാണ് ജലം, വൈദ്യുതി നിരക്ക് വര്‍ധനാ ബില്‍ ആദ്യവായനയില്‍ പാര്‍ലമെന്‍റ് പാസാക്കിയത്. സ്വദേശി വീടുകളിലും നിരക്ക് വര്‍ധനക്കുള്ള നിര്‍ദേശം സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും എം.പിമാരുടെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് ഇത്തരം വീടുകള്‍ക്കുള്ള വൈദ്യുതി നിരക്ക് രണ്ടു ഫില്‍സ് തന്നെയായി നിലനിര്‍ത്താനുള്ള ഭേദഗതിയോടെയാണ് പാര്‍ലമെന്‍റ് ആദ്യവായനയില്‍ ബില്‍ അംഗീകരിച്ചത്. ഈ വിഭാഗത്തിലേക്ക് പിന്നീട് ഇന്‍വെസ്റ്റ്മെന്‍റ് വീടുകളില്‍ കഴിയുന്ന സ്വദേശികളെയും ഉള്‍പ്പെടുത്താന്‍ ധനകാര്യസമിതി തീരുമാനിച്ചു. ഇതോടെ സ്വദേശിവീടുകളും അപ്പാര്‍ട്മെന്‍റുകളും പൂര്‍ണമായി നിരക്ക് വര്‍ധനയില്‍നിന്ന് ഒഴിവായി. 50 വര്‍ഷത്തിനുശേഷമാണ് കുവൈത്തില്‍ ജലം, വൈദ്യുതി നിരക്ക് വര്‍ധനക്ക് അരങ്ങൊരുങ്ങുന്നത്. 1966ലാണ് അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണ രേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്. വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ നിര്‍ദേശത്തില്‍ പെട്രോള്‍, വൈദ്യുതി, ജലം എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക, വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍ വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയുണ്ട്്. 23 ഹ്രസ്വകാല പദ്ധതികള്‍, 13 ഇടക്കാല പദ്ധതികള്‍, അഞ്ചു ദീര്‍ഘകാല പദ്ധതികള്‍ എന്നിവയാണ് പരിഷ്കരണ രേഖയിലുള്ളത്. ഇതിന്‍െറ ആദ്യപടിയായാണ് ഇപ്പോള്‍ ജലം, വൈദ്യുതി നിരക്ക് വര്‍ധന ബില്‍ പാര്‍ലമെന്‍റില്‍ പാസായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.