കുവൈത്ത് സിറ്റി: ആറ് ജി.സി.സി രാജ്യങ്ങളിലെയും എണ്ണ ഉല്‍പന്നങ്ങളുടെ വില ഏകീകരിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി, മണ്ണെണ്ണ തുടങ്ങിയവയുടെ വില എല്ലാ ജി.സി.സി രാജ്യങ്ങളിലും തുല്യമാക്കുന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ബുധനാഴ്ച ഖത്തറിലെ ദോഹയില്‍ നടക്കുന്ന അംഗരാജ്യങ്ങളിലെ എണ്ണവകുപ്പ് അണ്ടര്‍ സെക്രട്ടറിമാരുടെ സമ്മേളനം വിഷയം ചര്‍ച്ച ചെയ്യും. അണ്ടര്‍ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി കുവൈത്തില്‍ നടന്ന തയാറെടുപ്പ് യോഗത്തിലും എണ്ണവില ഏകീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു. ജി.സി.സി അംഗരാജ്യങ്ങളില്‍ എണ്ണ ഉല്‍പന്ന വില ഏകീകരിക്കുന്നതിന്‍െറ സാധ്യതകള്‍ സംബന്ധിച്ച് ദോഹ സമ്മേളനത്തില്‍ ചര്‍ച്ച നടത്തുമെന്ന് കുവൈത്ത് എണ്ണകാര്യ മന്ത്രാലയം വ്യക്തമാക്കി. വിഷയത്തില്‍ ജി.സി.സി ജനറല്‍ സെക്രട്ടേറിയറ്റ് തയാറാക്കിയ റിപ്പോര്‍ട്ടും ലോക വ്യാപാര സംഘടനയുടെ റിപ്പോര്‍ട്ടും അടക്കം ദോഹ സമ്മേളനത്തില്‍ ചര്‍ച്ചചെയ്യും. ആഗോള എണ്ണ വിപണിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ സംബന്ധിച്ചും അണ്ടര്‍ സെക്രട്ടറിമാരുടെ സമ്മേളനം ചര്‍ച്ച നടത്തുന്നുണ്ട്. ഇതോടൊപ്പം, പുനരുപയോഗ ഊര്‍ജമേഖലയില്‍ ജി.സി.സി രാഷ്ട്രങ്ങള്‍ നടത്തേണ്ട ഒരുക്കങ്ങളും വിഷയമാകും.
ജി.സി.സി രാജ്യങ്ങളില്‍ എണ്ണ ഉല്‍പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി എടുത്തുകളയണമെന്ന് ലോക ബാങ്കിന്‍െറ അടക്കം നിര്‍ദേശങ്ങള്‍ നേരത്തേ ഉയര്‍ന്നിരുന്നു. കഴിഞ്ഞവര്‍ഷം പകുതിയോടെ എണ്ണവില കുറഞ്ഞുതുടങ്ങിയതു മുതല്‍ സബ്സിഡി ഒഴിവാക്കുന്നതിന് ജി.സി.സിയിലെ രാജ്യങ്ങള്‍ക്കുമേല്‍ ലോക ബാങ്കിന്‍െറയും അന്താരാഷ്ട്ര നാണയനിധിയുടെയും സമ്മര്‍ദവും ഉയര്‍ന്നിരുന്നു.
അതേസമയം, സബ്സിഡി ഒഴിവാക്കുന്നതിനോ വില വര്‍ധിപ്പിക്കുന്നതിനോ യു.എ.ഇ ഒഴികെ ജി.സി.സി രാജ്യങ്ങള്‍ തയാറായിരുന്നില്ല. ഒന്നര മാസം മുമ്പ് യു.എ.ഇ എണ്ണ ഉല്‍പന്നങ്ങളുടെ വില അന്താരാഷ്ട്ര വിപണിയിലെ വിലക്ക് തുല്യമാക്കി മാറ്റിയിരുന്നു. ഇതോടെ യു.എ.ഇയില്‍ പെട്രോളിന് വില വര്‍ധിക്കുകയും ചെയ്തു. വിവിധ ജി.സി.സി രാജ്യങ്ങളില്‍ എണ്ണ ഉല്‍പന്നങ്ങളുടെ വില വ്യത്യസ്തരീതിയില്‍ ഈടാക്കുന്നത് കള്ളക്കടത്തിനും കാരണമാകുന്നുണ്ട്. പെട്രോളിനും ഡീസലിനും വില കുറവുള്ള രാജ്യങ്ങളില്‍നിന്ന് വില കൂടുതലുള്ള രാജ്യങ്ങളിലേക്ക് എണ്ണ ഉല്‍പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുന്ന നിരവധി സംഭവങ്ങളാണ് പിടികൂടിയിട്ടുള്ളത്.
യു.എ.ഇയില്‍ പെട്രോള്‍ വില വര്‍ധിച്ചതോടെ ഒമാനുമായി അതിര്‍ത്തിപങ്കിടുന്ന സ്ഥലങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അതിര്‍ത്തിയിലെ ഒമാന്‍ പമ്പുകളില്‍നിന്ന് വന്‍തോതില്‍ പെട്രോള്‍ നിറച്ച ശേഷം യു.എ.ഇയിലേക്ക് കടക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഇതോടൊപ്പം, വലിയ തോതില്‍ ഇന്ധനം ഉള്‍ക്കൊള്ളുന്ന ടാങ്കുകളുള്ള ട്രക്കുകള്‍ അടക്കം വാഹനങ്ങള്‍ പെട്രോള്‍ നിറച്ചുവന്നശേഷം മറിച്ചുവില്‍ക്കുന്ന സംഭവങ്ങളുമുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന കുറവിന്‍െറ ഭാഗമായി ജി.സി.സി രാജ്യങ്ങളുടെ വരുമാനം വലിയ തോതില്‍ ഇടിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എണ്ണവില ഏകീകരിക്കുന്നതിലൂടെ കള്ളക്കടത്ത് തടയുന്നതിനൊപ്പം രാജ്യങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, വിവിധ ജി.സി.സി രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചശേഷം മാത്രമേ ഇന്ധനവില ഏകീകരിക്കാന്‍ സാധിക്കുകയുള്ളൂ.
എണ്ണവില കുറഞ്ഞുനില്‍ക്കുന്ന സൗദി അറേബ്യ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ ഒറ്റയടിക്ക് വില വര്‍ധിപ്പിക്കുന്നത് പ്രയാസം സൃഷ്ടിക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ധനവില ഏകീകരിക്കാന്‍ തീരുമാനമുണ്ടായാലും നടപ്പാക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.