കുവൈത്ത് സിറ്റി: അസ്ഥിരത സൃഷ്ടിച്ച് രാജ്യത്തിന്‍െറ കെട്ടുറപ്പ് തകര്‍ക്കണമെന്ന ഉദ്ദേശ്യത്തോടെ അടുത്തിടെ നടന്ന ചാരപ്രവര്‍ത്തനശ്രമത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ഇറാന്‍ അംബാസഡറെ പുറത്താക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുവൈത്ത് സ്വീകരിച്ച നിലപാടുകളെ വിമര്‍ശിച്ച് പ്രസ്താവനകള്‍ ഇറക്കിക്കൊണ്ടിരിക്കുന്ന ഇറാന്‍ അംബാസഡറെ പുറത്താക്കണമെന്ന പാര്‍ലമെന്‍റ് അംഗങ്ങളുടെ ആവശ്യത്തോടുള്ള പ്രതികരണമായിട്ടാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയത്. അബ്ദലിയില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളുമായി പിടികൂടപ്പെട്ട സംഘത്തിലെ ഇറാന്‍ വംശജന് എംബസിയുടെ ഭാഗത്തുനിന്നോ നയതന്ത്ര തലത്തിലോ പിന്തുണ ലഭിച്ചിരുന്നോയെന്ന് പരിശോധിക്കും. ആ നിലക്കുള്ള വല്ല സൂചനയും ലഭിക്കുന്ന പക്ഷമായിരിക്കും ഇറാന്‍ അംബാസഡറെ പുറത്താക്കുന്ന നടപടികള്‍ കൈക്കൊള്ളുകയെന്ന് വിദേശകാര്യമന്ത്രാലയം വിശദീകരിച്ചു. രാജ്യത്ത് ചാരപ്രവര്‍ത്തനം നടത്തി അസ്ഥിരത സൃഷ്ടിക്കാന്‍ ഒരു വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ആസൂത്രിത ശ്രമം നടക്കുന്നത് പിടിക്കപ്പെട്ടത് ഇറാനും കുവൈത്തും തമ്മില്‍ വാക്പോരിന് കാരണമാക്കിയിരുന്നു. ചാരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പുതിയ സംഭവത്തില്‍ പ്രോട്ടോകോള്‍ മറികടന്നുള്ള നയനിലപാടുകളാണ് കുവൈത്തിന്‍േറതെന്ന് ഇറാന്‍ ആക്ഷേപിച്ചപ്പോള്‍, രാജ്യാന്തര നയതന്ത്രനിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് ഇറാന്‍ മുന്നോട്ടുപോകുന്നതെന്ന് കുവൈത്തും ആക്ഷേപിച്ചു. ഇത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാവരാലും അംഗീകരിക്കപ്പെട്ട നയതന്ത്ര ചട്ടങ്ങളും നിയമങ്ങളുമുണ്ട്. അക്കാര്യം മാത്രമേ കുവൈത്തിന്‍െറ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളൂ. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒൗദ്യോഗിക ചാനലുകള്‍വഴിയല്ലാതെ ഇറാന്‍െറ എംബസി വഴിയാണോ പ്രസിദ്ധീകരിക്കേണ്ടതെന്ന് വിദേശകാര്യമന്ത്രാലയം നേരത്തേ ചോദിച്ചിരുന്നു.
ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി അടുത്തിടെ പിടിക്കപ്പെട്ടവര്‍ക്ക് ഇറാനുമായും ഹിസ്ബുല്ലയുമായും ബന്ധമുണ്ടെന്ന് ജനറല്‍ പ്രോസിക്യൂഷന്‍െറ വെളിപ്പെടുത്തല്‍ രാജ്യത്ത് കൈകാര്യം ചെയ്യപ്പെട്ട രീതിയെ ഇറാന്‍ എംബസി ശക്തമായി ആക്ഷേപിച്ചിരുന്നു. ഒരു വിവരവും നല്‍കാതെ തങ്ങളുടെ ഒരു പൗരന് ചാരപ്രവൃത്തിയില്‍ ബന്ധമുണ്ടെന്ന് കുവൈത്ത് വെളിപ്പെടുത്തിയതിനെയും വിമര്‍ശിച്ചുകൊണ്ട് പ്രസ്താവന ഇറക്കിയ ഇറാന്‍ അംബാസഡറെ പുറത്താക്കണമെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്‍റ് അംഗങ്ങള്‍ ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.