2015ല്‍ അധികമായി എത്തുന്നത് 210 ലക്ഷം വീപ്പ എണ്ണയെന്ന് വിദഗ്ധന്‍

കുവൈത്ത് സിറ്റി: ഈ വര്‍ഷം ആഗോള എണ്ണ ഉല്‍പാദനം ഉയര്‍ന്നതിന്‍െറ ഭാഗമായി അധികമായി വിപണിയിലേക്ക് എത്തുന്നത് 210 ലക്ഷം വീപ്പ അസംസ്കൃത എണ്ണയാണെന്ന് കുവൈത്തിലെ എണ്ണമേഖല വിദഗ്ധന്‍ മുഹമ്മദ് അല്‍ ഷാത്തി പറഞ്ഞു. എന്നാല്‍, 2016ല്‍ അന്താരാഷ്ട്ര വിപണിയിലേക്കുള്ള എണ്ണയുടെ ഒഴുക്കില്‍ വന്‍തോതില്‍ കുറവുണ്ടാകും. പ്രതിദിന ഉല്‍പാദനവും അന്താരാഷ്ട്ര വിപണിയിലേക്കുള്ള അധിക ഒഴുക്കും ഏഴുലക്ഷം വീപ്പവരെയായി കുറയാന്‍ സാധ്യതയുണ്ടെന്നും മുഹമ്മദ് അല്‍ ഷാത്തി കുവൈത്ത് ന്യൂസ് ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 
2015ല്‍ എണ്ണവിപണി നിരവധി വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വിപണിയിലേക്ക് അസംസ്കൃത എണ്ണ ധാരാളമായി എത്തുന്നതോടൊപ്പം ആവശ്യകത കുറയുകയും ചെയ്യുന്നുണ്ട്. അമേരിക്കയില്‍ എണ്ണ ഉല്‍പാദനം തുടങ്ങിയതും ആഗോളവിപണിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. 
ഒരു പതിറ്റാണ്ടായി എണ്ണവിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ചൈനയുടെ സാമ്പത്തികവളര്‍ച്ച കുറഞ്ഞതാണ് ഏറ്റവും വലിയ തിരിച്ചടിയായത്. ചൈനീസ് സമ്പദ്വ്യവസ്ഥയുടെ മാന്ദ്യം ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വിപണികളെ ദോഷകരമായി ബാധിക്കുകയും ചെയ്തു. ഇതോടൊപ്പം, ഡോളര്‍ ശക്തമായതും അന്താരാഷ്ട്ര എണ്ണവിപണിയെ ദോഷകരമായി ബാധിച്ചതായി മുഹമ്മദ് അല്‍ ഷാത്തി പറഞ്ഞു. ഏതാനും മാസങ്ങള്‍കൂടി അസംസ്കൃത എണ്ണവില കുറഞ്ഞനിലയില്‍തന്നെ തുടരും. ഒരു വീപ്പ അസംസ്കൃത എണ്ണക്ക് 40-50 ഡോളര്‍ ആയിരിക്കും ലഭിക്കുക. എന്നാല്‍, 2016 മാര്‍ച്ച് പിന്നിടുന്നതോടെ സ്ഥിതിഗതികള്‍ മാറിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 2013നെ അപേക്ഷിച്ച് 2014ല്‍ 16 ലക്ഷം വീപ്പ എണ്ണയാണ് അമേരിക്ക ഉല്‍പാദിപ്പിച്ചത്. 2014നെ അപേക്ഷിച്ച് 2015 ആയപ്പോഴേക്കും ഒമ്പത് ലക്ഷം വീപ്പ എണ്ണ അധികമായി ഉല്‍പാദിപ്പിച്ചു. എന്നാല്‍, 2016 എത്തുമ്പോഴേക്കും ഇത് മൂന്നു ലക്ഷം വീപ്പയോ അതില്‍ കുറവോ ആയി മാറുമെന്ന് മുഹമ്മദ് അല്‍ ഷാത്തി പറഞ്ഞു. ഇറാഖിന്‍െറ പ്രതിദിന എണ്ണ ഉല്‍പാദനം വരുന്ന രണ്ടുവര്‍ഷങ്ങള്‍കൂടി നാലുലക്ഷം ബാരല്‍ ആയി തുടരും. അതേസമയം, 2016 ഏപ്രിലിലോ സെപ്റ്റംബറിലോ ഇറാന്‍ എണ്ണയും വിപണിയിലത്തെും. ഇറാന്‍ എണ്ണവിപണിയില്‍ എത്തുന്നതോടെ വിലയില്‍ സ്ഥിരതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം 55 മുതല്‍ 65 ഡോളര്‍ വരെയായിരിക്കും ഒരു വീപ്പ എണ്ണയുടെ വിലയെന്നും അദ്ദേഹം പറഞ്ഞു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.