പ്രവാസികള്‍ ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം അയക്കുന്നത് തടയല്‍ പരിഗണനയില്‍

കുവൈത്ത് സിറ്റി: ശമ്പളത്തേക്കാള്‍ കൂടുതല്‍ പണം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത് തടയുന്നതിന്‍െറ സാധ്യത സംബന്ധിച്ച് കുവൈത്ത് അധികൃതര്‍ പഠനം നടത്തുന്നു. ഓരോ പ്രവാസിയും പ്രതിമാസം ലഭിക്കുന്ന ശമ്പളത്തേക്കാള്‍ കൂടുതല്‍ ആ മാസം അയക്കുന്നത് നിരോധിക്കുന്നതിന്‍െറ ഭാഗമായാണ് പഠനം. രാജ്യത്തെ മണി എക്സ്ചേഞ്ചുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുന്നതിനുള്ള സാധ്യതകളാണ് പഠിക്കുന്നത്. 
മണി എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കുമ്പോള്‍ ഓരോ മാസവും നിശ്ചിത ശമ്പളം മാത്രം അയക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഉദാഹരണത്തിന് 600 ദീനാര്‍ ശമ്പളമുള്ള പ്രവാസിക്ക് ഒരു മാസം അതില്‍ കൂടുതല്‍ തുക മാതൃരാജ്യത്തേക്ക് അയക്കാന്‍ സാധിക്കില്ല. 
രാജ്യത്തിന്‍െറ മൊത്തം വരുമാനത്തിന്‍െറ 6.9 ശതമാനം പ്രവാസികള്‍ സ്വന്തം നാടുകളിലേക്ക് അയക്കുകയാണെന്നും ഇത് സമ്പദ്വ്യവസ്ഥയെ നേരിട്ടു ബാധിക്കുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. രാജ്യത്തെ സ്വകാര്യമേഖലയില്‍ ജോലിചെയ്യുന്ന 32 ശതമാനം പേരും ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരാണെന്നാണ് ഒൗദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. 
13 ശതമാനം പേര്‍ക്ക് ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റും 7.14 ശതമാനം പേര്‍ക്ക് ബിരുദവും ഉണ്ട്. 7.5 ലക്ഷത്തോളം പ്രവാസികള്‍ പ്രതിമാസം 200 ദീനാറില്‍ താഴെ ശമ്പളമുള്ളവരാണ്. ഇവരില്‍ ബഹുഭൂരിഭാഗവും ഏഷ്യക്കാരാണ്. 35 ശതമാനം അറബ് രാജ്യങ്ങളില്‍നിന്നുള്ളവരാണെന്നും കണക്ക് വ്യക്തമാക്കുന്നു. 
നേരത്തേ, കുവൈത്തില്‍നിന്ന് നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഈടാക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരുന്നുവെങ്കിലും നടപ്പാക്കിയിരുന്നില്ല. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.