കുവൈത്ത് സിറ്റി: കുവൈത്ത് ഉള്‍പ്പെടെ ജി.സി.സി രാജ്യങ്ങളില്‍ കുറ്റവാളികളെയും കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരേയും കൈമാറാന്‍ ധാരണയായി. കുവൈത്തില്‍ നടക്കുന്ന 27ാമത് ജി.സി.സി നീതിന്യായ മന്ത്രിതലയോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെട്ടത്. ഇതനുസരിച്ച് ഏതെങ്കിലും ഒരു ജി.സി.സി രാജ്യത്തെ പൗരന്‍ മറ്റൊരു അംഗരാജ്യത്തുവെച്ച് കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും പിടികൂടപ്പെടുകയും ചെയ്താല്‍ മാതൃരാജ്യം ആവശ്യപ്പെടുന്നപക്ഷം കുറ്റവാളിയെ കൈമാറണം. ശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ ശിക്ഷയുടെ ബാക്കി കാലാവധി സ്വന്തംനാട്ടില്‍ അനുഭവിക്കണമെന്ന നിബന്ധനയോടെ പൗരന്മാരെ പരസ്പരം കൈമാറുന്ന കരാറിനാണ് ധാരണയായത്. എന്നാല്‍, ഇതുസംബന്ധിച്ച തീരുമാനത്തില്‍ യോജിപ്പിലത്തെുകമാത്രമാണ് ഇപ്പോള്‍ ചെയ്തതെന്നും ജി.സി.സി രാജ്യങ്ങളുടെ ഉന്നതയോഗത്തിലാണ് പ്രഖ്യാപനമുണ്ടാവുകയെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നീതിന്യായമേഖലയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ രീതികളും പദ്ധതികളും പരസ്പരം പങ്കുവെക്കുക, ന്യായാധിപന്മാരുടെയും പ്രോസിക്യൂട്ടര്‍മാരുടെയും നൈപുണ്യവും കഴിവുകളും വര്‍ധിപ്പിക്കാനാവശ്യമായ പരിശീലനപരിപാടികള്‍ യോജിച്ച് നടത്തുക, രാജ്യങ്ങള്‍ മാറി അഭിഭാഷകര്‍ക്ക് പരിശീലന ശില്‍പശാലകളും മറ്റു പരിപാടികളും സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും ജി.സി.സി രാജ്യങ്ങള്‍ യോജിപ്പിലത്തെിയിട്ടുണ്ട്. കുവൈത്ത് നീതിന്യായ വഖഫ്കാര്യമന്ത്രി യഅ്ഖൂബ് അല്‍സാനിഅ് ആണ് യോഗത്തില്‍ കുവൈത്ത് പ്രതിനിധിസംഘത്തെ നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.