ആറാമത് കുവൈത്ത് പൈതൃകോത്സവം ഇന്നു മുതല്‍: നന്മയുടെ ഗോത്ര സ്മൃതികളുമായി അവര്‍ വീണ്ടും ഒത്തുകൂടുന്നു

കുവൈത്ത് സിറ്റി: പരമ്പരാഗത കലകളെയും വിനോദങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കുവൈത്ത് സര്‍ക്കാറിന്‍െറ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജനകീയ പൈതൃകോത്സവത്തിന്‍െറ ആറാമത് പതിപ്പിന് ചൊവ്വാഴ്ച തുടക്കം. അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ഉത്സവത്തില്‍ വിവിധ ജി.സി.സി രാജ്യങ്ങളില്‍നിന്നടക്കമുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. സാല്‍മി മരുപ്രദേശത്തെ മൈതാനത്താണ് പൈതൃകോത്സവത്തിലെ പ്രധാന മത്സരങ്ങള്‍ അരങ്ങേറുന്നത്.
ഇതോടനുബന്ധിച്ച് സബാഹ് അല്‍അഹ്മദ് ഹെറിറ്റേജ് വില്ളേജും ഒരുക്കിയിട്ടുണ്ട്. രാജ്യത്തിന്‍െറ പൈതൃകവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ അമീര്‍ പ്രതിജ്ഞാബദ്ധനാണെന്നും അതിന്‍െറ ഭാഗമായാണ് ഇത്തരം ഉത്സവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും പൈതൃകോത്സവത്തിന്‍െറ ചുമതലയുള്ള അമീരി ദിവാന്‍ ഉപദേഷ്ടാവ് മുഹമ്മദ് ദൈഫുല്ല ശഹ്റാര്‍ പറഞ്ഞു. കുവൈത്തിന്‍െറ മാത്രമല്ല, മറ്റു ഗള്‍ഫ് രാജ്യങ്ങളുടെയും ജീവിതരീതികളുമായി അടുത്ത ബന്ധമുള്ള മത്സരങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമാണ് പൈതൃകോത്സവം പരിഗണന നല്‍കുന്നതെന്ന്  അദ്ദേഹം വ്യക്തമാക്കി. ആയിരത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ വരുമാനം കനിഞ്ഞരുളിയ സമ്പന്നതക്ക് മുമ്പ്, രാജ്യത്തെ സ്വദേശികള്‍ മുത്തുവാരിയും ആടുകളെയും ഒട്ടകങ്ങളെയും വളര്‍ത്തിയും ഉപജീവനംനടത്തിയിരുന്നതായാണ് ചരിത്രം. അക്കാലത്ത് അവര്‍ക്കിടയില്‍ മാത്സര്യബുദ്ധിയോടെ സംഘടിപ്പിച്ചുപോന്നിരുന്ന
ഒട്ടകയോട്ട മത്സരം, പ്രാപ്പിടിയന്‍ പറത്തല്‍ പോലുള്ള പ്രാചീനവും പുരാതനവുമായ കായികവിനോദങ്ങളാണ് പൈതൃകോത്സവത്തിന്‍െറ ഭാഗമായി നടക്കുക.
പൈതൃകോത്സവത്തിലെ വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്ന മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും മാസങ്ങള്‍ നീണ്ട പരിശീലനങ്ങളാണ് നല്‍കുന്നത്. ഓരോ ഗോത്രക്കാരും വിഭാഗങ്ങളും മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് വിഭാഗങ്ങളെ തോല്‍പിക്കണമെന്ന ഒരേയൊരു വാശിയിലാണ് മത്സരം അരങ്ങേറുന്ന മൈതാനിയിലത്തെുക. കൊട്ടും കുരവയും ആരവങ്ങളുമായി മൈതാനിയില്‍ സ്ഥലംപിടിക്കുന്ന ഇവര്‍ വെവ്വേറെ ഖൈമകളില്‍ താമസിച്ച് മത്സരത്തില്‍ പയറ്റേണ്ട തന്ത്രങ്ങളും പുതിയ രീതികളും മെനയും. ആളുകയറിയും കയറാതെയുമുള്ള ഒട്ടകയോട്ട മത്സരം, ഒട്ടക നടത്തം, കുതിരയോട്ടം, പ്രാപ്പിടിയന്‍ പക്ഷികളെ പറത്തല്‍, പ്രാപ്പിടിയനെ വേട്ടക്ക് അയക്കല്‍, മീന്‍പിടിത്ത മത്സരം തുടങ്ങിയവയുമുണ്ടാവും.
 ഒട്ടകയോട്ടവും പ്രാപ്പിടിയന്‍ മത്സരവും ഉത്സവ മൈതാനത്താണ് നടക്കുക. കുതിരയോട്ടം ഇക്വസ്ട്രിയന്‍ ക്ളബിലും മീന്‍പിടിത്തം വതിയ, സാല്‍മിയാ ഫിന്‍താസ് എന്നിവിടങ്ങളിലെ ദീവാനിയകളിലും അരങ്ങേറും. അമീരി ദിവാനി, ആഭ്യന്തരമന്ത്രാലയം, യുവജന-കായിക മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പൈതൃകോത്സവം അരങ്ങേറുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.