ആഘോഷമായി ഉദ്ഘാടനം;  കളിക്കൂട് തുറന്നു

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ അഭിമാനമായി അര്‍ദിയയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ജാബിര്‍ അല്‍അഹ്മദ് ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയം മിഴി തുറന്നു. ഫുട്ബാള്‍ ലോകത്തെ നക്ഷത്രങ്ങളുടെ കളിയഴകിന്‍െറ അകമ്പടിയോടെ വെള്ളിയാഴ്ച വൈകീട്ട് അമീര്‍ ശൈഖ് സബാഹ് അല്‍ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ് സ്റ്റേഡിയത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചു. ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് അല്‍സയാനി, കിരീടാവകാശി ശൈഖ് നവാഫ് അല്‍ജാബിര്‍ അല്‍അഹ്മദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്, പാര്‍ലമെന്‍റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം, മന്ത്രിമാര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍, ഭരണകുടുംബത്തിലെയും സര്‍ക്കാറിലെയും മറ്റു പ്രമുഖര്‍ എന്നിവരെല്ലാം ഉദ്ഘാടന മഹാമഹത്തിന് സാക്ഷികളായത്തെി. കണ്ണഞ്ചിക്കുന്ന കരിമരുന്നുപ്രയോഗത്തിന്‍െറയും കലാപരിപാടികളുടെയും അകമ്പടിയോടെയായിരുന്നു ഉദ്ഘാടനം. മുന്‍ പ്രധാനമന്ത്രി ശൈഖ് നാസര്‍ മുഹമ്മദ് അല്‍അഹ്മദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അല്‍ഹമദ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് ഖാലിദ് അല്‍ഹമദ് അസ്സബാഹ്, അമീരി ദിവാന്‍ സഹമന്ത്രി ശൈഖ് അലി ജര്‍റാഹ് അസ്സബാഹ്, പ്രതിരോധമന്ത്രി ശൈഖ് ഖാലിദ് ജര്‍റാഹ് അസ്സബാഹ്, ധനമന്ത്രി അനസ് അസ്സാലിഹ് തുടങ്ങിയവരും സംബന്ധിച്ചു. 2005ല്‍ അര്‍ദിയയില്‍ നിര്‍മാണമാരംഭിച്ച ശൈഖ് ജാബിര്‍ സ്റ്റേഡിയ നിര്‍മാണം 2009ല്‍തന്നെ ഏറക്കുറെ പൂര്‍ത്തിയായിരുന്നു. എന്നാല്‍, അനുബന്ധ ജോലികള്‍ ബാക്കിയുള്ളതുമൂലവും ഇടക്ക് സാങ്കേതികവും ഭരണപരവുമായ ചില തടസ്സങ്ങള്‍ വന്നതിനാലും ഉദ്ഘാടനം നീളുകയായിരുന്നു. നാലു തട്ടുകളായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയത്തിലെ ഗാലറിയില്‍ 60,000 പേര്‍ക്കിരിക്കാം. 54 കോര്‍പറേറ്റ് ബോക്സുകളുമുള്ള സ്റ്റേഡിയത്തോടനുബന്ധിച്ച് 6,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പശ്ചിമേഷ്യയിലെ തന്നെ മികച്ച കളിമൈതാനങ്ങളിലൊന്നായ ജാബിര്‍ സ്റ്റേഡിയം ഒരു ആഭ്യന്തര ഫുട്ബാള്‍ മത്സരം സംഘടിപ്പിച്ച് നേരത്തേതന്നെ അനൗദ്യോഗിക രൂപത്തില്‍ തുറക്കപ്പെട്ടിരുന്നെങ്കിലും ഒൗദ്യോഗിക തലത്തില്‍ വന്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചുള്ള ഉദ്ഘാടനം പല കാരണത്താലും നീണ്ടുപോവുകയായിരുന്നു. ഉദ്ഘാടനത്തിന് സജ്ജമാണോ എന്ന് ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി കഴിഞ്ഞമാസം മന്ത്രിതല സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു. ഇവരുടെ അനുകൂല റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഉദ്ഘാടനത്തിന് അരങ്ങൊരുങ്ങിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.