ടി.എസ്. നിസാമുദ്ദീന്‍
ലോകമെങ്ങുമുള്ള യു.എഫ്.സി (അള്‍ട്ടിമേറ്റ് ഫൈറ്റിങ് ചാംപ്യന്‍ഷിപ്പ്) ആരാധകരെ കോരിത്തരിപ്പിക്കാന്‍ അബൂദബി വീണ്ടും പോരാട്ടവേദിയാവുന്നു. ഇത്തിഹാദ് അറീനയിലാണ് ഈ വരുന്ന ഒക്ടോബര്‍ 22ന് യു.എഫ്.സി 281 പോരാട്ടം നടക്കുക. യു.എഫ്.സിയും അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പും തമ്മിലുള്ള പഞ്ചവര്‍ഷ പങ്കാളിത്വത്തില്‍(അബൂദബി ഷോഡൗണ്‍ വീക്ക്) അരങ്ങേറുന്ന മൂന്നാമത്തെ മല്‍സരമാണ് അബൂദബിയില്‍ അരങ്ങേറാന്‍ പോവുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയിട്ടുള്ളതിനാല്‍ അബൂദബിയിലെ മല്‍സരത്തിലേക്ക് കാണികള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി https://mailchi.mp/visitabudhabi/ufc281registeryourinterest എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. 2019 സപ്തംബറില്‍ ഖബീബ് / പൊയ്‌റിയര്‍ പോരാട്ടമായിരുന്നു (യു.എഫ്.സി. 242) ഇതിനു മുമ്പ് അബൂദബിയില്‍ നടന്ന നിയന്ത്രണങ്ങളൊന്നുമില്ലാത്ത യു.എഫ്.സി മല്‍സരം. കോവിഡിന്‍റെ തുടക്കശേഷം 100 ശതമാനം കാണികളോടെ നടത്തിയ ആദ്യ മല്‍സരം കഴിഞ്ഞയാഴ്ച ലണ്ടനിലാണ് നടന്നത്. ലോകോത്തര ഫൈറ്റര്‍മാരെ തന്നെ അബൂദബിയിലെ മല്‍സരവേദിയിലെത്തിക്കാന്‍ തങ്ങള്‍ അത്യധികം ശ്രമിക്കുന്നുണ്ടെന്നും മറ്റൊരു ആവേശകരമായ മല്‍സരം കൂടി അബൂദബിയുടെ മണ്ണിലെത്തിക്കുന്നതില്‍ ആകാംക്ഷാഭരിതരാണെന്നും അബൂദബി ഇവന്റ്സ് ബ്യൂറോ ആക്ടിങ് ഡയറക്ടര്‍ ഫാത്തിമ അല്‍ ബലൂഷി പറയുന്നു. യു.എഫ്.സിയുടെ അന്തിമ വേദിയായി അബൂദബി എന്തുകൊണ്ട് മാറുന്നു എന്ന് ലോകത്തുടനീളമുള്ള ആരാധകരെ ബോധ്യപ്പെടുത്താന്‍ അവരെ അബൂദബിയിലേക്ക് ക്ഷണിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അബൂദബിയിലേക്ക് മറ്റൊരു വന്‍ മല്‍സരം കൂടി കൊണ്ടുവരുന്നതില്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് യു.എഫ്.സി പ്രസിഡന്‍റ് ഡാനാ വൈറ്റിന്‍റെ പ്രതികരണം. ഈ മല്‍സരം ആരാധകര്‍ ഒരു കാരണവശാലും ഒഴിവാക്കരുതെന്നും അദ്ദേഹം പറഞ്ഞു. 2021 ആദ്യം യാസ് ഐലനറിലെ ഇത്തിഹാദ് അറീനയില്‍ നടന്ന യു.എഫ്.സി 267 മല്‍സരത്തില്‍ ബ്ലാചോവിച്‌സും ടൈക്‌സീരിയയുമാണ് ഏറ്റുമുട്ടിയത്. 2021 ആദ്യം യു.എഫ്.സി 257ഉം അരങ്ങേറിയെങ്കിലും കോവിഡ് വ്യാപനം മൂലം വളരെ കുറച്ച് കാണികളെയാണ് അനുവദിച്ചത്. യു.എഫ്.സി 281 അബൂദബി ഷോഡൗണ്‍ വീക്കിന്‍റെ അബൂദബിയിലെ 17ാമത്തെ വലിയ പരിപാടിയാണ്. 2010 ഏപ്രിലില്‍ അരങ്ങേറിയ യു.എഫ്.സി. 112 ഇന്‍വിന്‍സിബിള്‍ മല്‍സരത്തില്‍ ഒമ്പത് കിരീട പോരാട്ടങ്ങള്‍ക്കാണ് അബൂദബി വേദിയായത്. ഇതില്‍ മൂന്ന് പുതിയ ചാംപ്യന്‍മാരാണ് അബൂദബിയില്‍ ഉദയം കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.