ടി.എ. അബ്ദുൽ സമദ്
സാഹസികത ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികൾക്ക് പറ്റിയ ഇടമാണ് പശ്ചിമ അബൂദബിയിലെ ലിവ. അറിയാതെ നോക്കെത്താദൂരം വിജനതയിൽ കഴിയാനാഗ്രഹമുണ്ടെങ്കിൽ ഈ മരുഭൂമിയിലെ യാത്രക്കൊരുങ്ങിക്കോളൂ. ലിവ ഒയാസിസും മൊറീബ് ഡ്യൂണും നൽകുന്നത് മികച്ച അനുഭവമായിരിക്കും. കത്തുന്ന സൂര്യനു കീഴിൽ ദിശപോലും മരുഭൂമിയുടെ നിഗൂഢജീവിതം ആസ്വദിക്കാൻ വാരാന്ത്യങ്ങളിലാണ് ഏറ്റവുമധികം സന്ദർശകരെത്തുന്നത്.
ലിവ ഒയാസിസിൽ 50ലധികം വ്യത്യസ്ത ഗ്രാമങ്ങൾ ഉണ്ട്. ഈ ഒയാസിസിന് യു.എ.ഇയുടെ മനോഹരമായ ഭൂമിശാസ്ത്രത്തിൽ പ്രധാനപ്പെട്ടതും മായാത്തതുമായ അടയാളമുണ്ട്. അബൂദബി ഭരണാധികാരികളായ നഹ്യാൻ കുടുംബത്തിെൻറ ജന്മസ്ഥലമായിരുന്നു ലിവ. ബനിയാസ് ഗോത്രത്തിലെ പ്രധാന കുടുംബമായ നഹ്യാൻ 18ാം നൂറ്റാണ്ടിെൻറ അവസാനത്തിൽ മുത്ത് വ്യവസായത്തിൽ ആകൃഷ്ടരായാണ് അബൂദബിയിലേക്ക് താമസം മാറിയത്.
300 മീറ്റർ ഉയരവും 1,600 മീറ്റർ നീളവും 50 ഡിഗ്രിയിൽ കൂടുതൽ ചരിവുമുള്ള മൊറീബ് എന്ന പ്രസിദ്ധമായ ഡ്യൂൺ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും വലിയ മൺകൂനകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ ഡ്യൂണിനു മുകളിലേക്ക് കയറുന്നത് ഇഷ്ട വിനോദവും. മരുഭൂമിയിലെ രസകരമായ ജീവിതത്തിെൻറ അത്ഭുതകരമായ അനുഭവമാണ് ഡ്യൂണിൽ കയറുന്നവർക്ക് ലഭിക്കുക.
ഈ ഡ്യൂണിലേക്ക് റോഡ് നിർമ്മിച്ചതിനാൽ എത്തിച്ചേരാൻ ഫോർവീൽ വാഹനം ആവശ്യമില്ല. ഡ്യൂണിെൻറ താഴെ ഒട്ടക റേസിങും ലിവ ഡേറ്റ്സ് ഫെസ്റ്റിവൽ പോലുള്ള സാംസ്കാരിക ഉത്സവങ്ങളും നടക്കുന്ന വലിയ സമുച്ചയവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൺകൂനയിലെ സൂര്യാസ്തമയം കാണാനെത്തുന്നവരാണ് അധികവും.
ലിവ ഒയാസിസ്:
പണ്ടുകാലങ്ങളിൽ മരുഭൂമിയിലൂടെ സഞ്ചരിക്കുന്ന സമൂഹങ്ങൾ വെള്ളം കണ്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സ്ഥലങ്ങളാണ് ഒയാസിസ്. മരുഭൂമിയിൽ വെള്ളവും ഫലഭൂയിഷ്ഠതയും ഉറപ്പുള്ള ഇടം. പേർഷ്യൻ ഗൾഫ് തീരത്ത് നിന്ന് 97.6 കിലോമീറ്റർ തെക്കും അബൂദബി നഗരത്തിൽ നിന്ന് 150 കിലോമീറ്റർ തെക്കുപടിഞ്ഞാറുമായുള്ള റുവ അൽ ഖാലി മരുഭൂമിയുടെ വടക്കേ അറ്റത്താണ് ലിവ ഒയാസിസ്. സൗദി അറേബ്യയും യു.എ.ഇയും തമ്മിൽ അതിർത്തി പങ്കിടുന്ന അബൂദബി എമിറേറ്റിലെ തെക്കേ അറ്റത്തുള്ള ജനവാസസ്ഥലമാണിത്. മരുഭൂമിയിലെ പരുക്കൻ യാത്രയിൽ ഈ മരുപ്പച്ചയുമായി ജനജീവിതം ബന്ധിപ്പിച്ചിരുന്ന കാലമുണ്ടായിരുന്നു. അബൂദബിയിലെ പ്രധാന കേന്ദ്രങ്ങളുമായി ഒയാസിസിനെ ബന്ധിപ്പിക്കുന്ന അത്യാധുനിക മൾട്ടി ലൈൻ ഹൈവേകൾ ഇന്നുണ്ട്. അതിനാൽ അബൂദബിയിലെ ഈ അതിർത്തി പ്രദേശത്തേക്കുള്ള യാത്ര ഒട്ടും ബുദ്ധിമുട്ടില്ല.
വൈവിധ്യമാർന്ന കാഴ്ചകൾ, മരുഭൂമിയിലേക്കുള്ള യാത്രകൾ, മരുഭൂമിയിലെ ജീവിതം ആസ്വദിക്കാൻ ക്യാമ്പ് ബോൺഫയർ എന്നിവ ഉൾപ്പെടുന്ന സമ്പൂർണ്ണ ടൂർ പാക്കേജാണ് സന്ദർശകർക്ക് വിവിധ ടൂർ കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. ചെറിയ ടൂർ ആഗ്രഹിക്കുന്നവർക്ക് ഡേ ടൂർ. സമയമുണ്ടെങ്കിൽ കാഴ്ചകൾ ഉൾപ്പെടുന്ന രാത്രി ടൂറും നടത്താം.
മരുഭൂമിയിൽ രാത്രി കഴിയുന്നത് വേറിട്ട അനുഭവമാകും. മരുഭൂമിയുടെ തനിമകൾ ആസ്വദിച്ച് കൂടാരത്തിൽ താമസം. പകൽ തങ്ങിയാൽ ലിവയിലെ ഖസ്ർ അൽ സരബ് സന്ദർശിക്കാം. കാർ മ്യൂസിയം, മറ്റ് ലാൻഡ്മാർക്ക് സൈറ്റുകളും ടൂറിൽ ഉൾപ്പെടുത്തിയാൽ വേറിട്ട അനുഭവം പകരും.
ലിവയിലും പരിസരത്തും ഒട്ടേറെ റിസോർട്ടുകൾ ഉണ്ട്. ബജറ്റ് അനുസരിച്ച് നല്ല താമസ സൗകര്യം തിരഞ്ഞെടുക്കാം. റിസോർട്ടുകളിലാവട്ടെ വേറിട്ട സൗകര്യങ്ങളുണ്ട്. ഡൈനിങിനൊപ്പം നന്നായി സജ്ജീകരിച്ച മുറികളും ഉൾപ്പെടുന്ന താമസ സൗകര്യങ്ങളാണ് ആകർഷണം.
മരുഭൂമിയിലെ നാഗരികതയുടെ മഹത്വം അനുസ്മരിപ്പിക്കുന്ന പ്രദേശമാണ് ഖാർസ് അൽ സരബ്. മരുഭൂമിയിലെ ജീവിതം എങ്ങനെയായിരുക്കുമെന്നറിയാൻ ഇവിടെ തങ്ങിയാൽ മതി. പഴയ യുഗത്തിലേക്ക് സന്ദർശകരെ കൊണ്ടുപോകുന്ന അനുഭവങ്ങൾ ഇവിടെയുണ്ടാകും. ലിവ ടൂറുകളിൽ ഖാർസ് അൽ സരബ് സന്ദർശനവും ഉൾപ്പെടുന്നു.
ലിവ മരുഭൂമിയിൽ ക്വാഡ് ബൈക്ക് സവാരി മുതൽ ഡ്യൂൺ ബാഷിങിന് വരെ സൗകര്യമുണ്ട്. ടൂർ പാക്കേജിെൻറ ഭാഗമായി ഡ്യൂൺ ബാഷിങ് ഉൾപ്പെടുത്താം. മരുഭൂമിയിലെ ലിവ ഒയാസിസിൽ സായാഹ്നം ചെലവഴിക്കുന്നവർക്ക് മൺ പാതകളിലൂടെ ഊർന്നിറങ്ങാനും മണലിൽ ഉരുണ്ടു പിരണ്ടു സഞ്ചരിക്കാനും കഴിയും. മരുഭൂമിയിലെ മറ്റൊരു സാഹസിക പ്രവർത്തനമാണ് സാൻഡ് ബോർഡിംങ്. മണലിെൻറ സൗന്ദര്യം മറ്റൊരു കാഴ്ചപ്പാടിൽ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന വിനോദം. മരുഭൂമിയിൽ സാൻഡ് ബോർഡിങ് സാധാരണമാണ്. എന്നാൽ, വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ തികച്ചും സുരക്ഷിതവും ആവേശകരവുമായി ഇത് ആസ്വദിക്കാൻ ലിവയിൽ പ്രത്യേക സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.