ആ കാൻവാസിലെ ചിത്രങ്ങൾക്ക് ബോംബുകളേക്കാൾ പ്രഹരശേഷിയുണ്ടായിരുന്നു...
ഫലസ്തീനെയും അവിടത്തെ മനുഷ്യരെയും ഓർമകളെയും കാലം മായ്ച്ചുകളയാതിരിക്കാൻ ആ മണ്ണിനെത്തന്നെ പ്രതിരോധ കവചമാക്കുകയായിരുന്നു സുലൈമാൻ മൻസൂർ
കാൻവാസിൽ ഫലസ്തീന്റെ ആത്മാവിനെ വരച്ചുവെച്ച വിഖ്യാത ചിത്രകാരൻ സുലൈമാൻ മൻസൂർ വിടപറഞ്ഞെങ്കിലും, അദ്ദേഹം അവശേഷിപ്പിച്ച അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കലാപൈതൃകം ഫലസ്തീൻ പോരാട്ട ചരിത്രത്തിൽ എക്കാലവും തിളങ്ങിനിൽക്കും. മണ്ണിനെയും മനുഷ്യനെയും ഓർമകളെയും ഒരേ ദൃശ്യഭാഷയിൽ കോർത്തിണക്കാനായിരുന്നു സുലൈമാൻ മൻസൂർ തന്റെ ജീവിതത്തിലുടനീളം ശ്രമിച്ചത്.
കലാജീവിതത്തിന്റെ തുടക്കം മുതൽക്കേ ഫലസ്തീൻ ജനതയുടെ ദൈനംദിന ജീവിതത്തെയാണ് അദ്ദേഹം കാൻവാസിലേക്ക് പകർത്തിയത്. ഫലസ്തീൻ ഗ്രാമങ്ങളിലെ കർഷകർ, സ്ത്രീകൾ, ഗ്രാമീണ ഭംഗി, പ്രകൃതിദൃശ്യങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ വരകളിൽ നിറഞ്ഞുനിന്നു.
‘ഐ വിൽ സർവൈവ് ’ എന്ന ചിത്രം
ആദ്യകാല ചിത്രങ്ങളിൽ ആവർത്തിച്ചു വന്നിരുന്ന ഒലീവ് മരങ്ങളും ഓറഞ്ച് തോട്ടങ്ങളും പരമ്പരാഗത ഫലസ്തീനി വസ്ത്രങ്ങളും കേവലമൊരു ഗ്രാമീണ ചിത്രീകരണത്തിനപ്പുറം ഒരു ജനതക്ക് അവരുടെ ജന്മനാടിനോടുള്ള ആത്മബന്ധത്തിന്റെ പ്രതീകങ്ങളായി മാറി. തങ്ങൾ ജനിച്ചുവളർന്ന, പിന്നീട് ആട്ടിയോടിക്കപ്പെട്ടിട്ടും മനസ്സിൽ നിന്ന് മായാത്ത ജന്മനാടിന്റെ ഓർമ്മകളാണ് ആ ചിത്രങ്ങൾ പങ്കുവെച്ചത്.
റാമല്ലക്കടുത്തുള്ള ബിർസെയ്ത്തിൽ 1947 ൽ ജനിച്ച മൻസൂർ, ബെയ്റൂത്തിലും വാഷിംഗ്ടണിലുമാണ് കല അഭ്യസിച്ചത്. ദീർഘനാളത്തെ അസുഖത്തെ തുടർന്ന് 79-ാം വയസ്സിൽ കഴിഞ്ഞ ആഗസ്റ്റ് 24നായിരുന്നു മരണം. അദ്ദേഹത്തിന്റെ കൃതികൾ ലോകമെമ്പാടും പ്രദർശിപ്പിച്ചിട്ടുണ്ട്. 2019-ൽ യുനെസ്കോ അദ്ദേഹത്തിന് ‘ഷാർജ പ്രൈസ് ഫോർ അറബ് കൾചർ’ നൽകി ആദരിച്ചിരുന്നു.
അതിജീവനത്തിന്റെ ‘ജമൽ അൽ മഹാമിൽ’
ആദ്യ കാലങ്ങളിൽ റിയലിസ്റ്റിക് ശൈലിയായിരുന്നു സുലൈമാൻ മൻസൂർ വരച്ചിരുന്നത്. ഒരു ഫോട്ടോ ഇമേജിന്റെ ഭംഗിയിൽ, കാൻവാസിലെ ഓരോ കഥാപാത്രങ്ങളെയും വസ്തുക്കളെയും കൃത്യമായ ദൃശ്യപ്രതീകങ്ങളാക്കി മാറ്റുന്നതായിരുന്നു ആ ചിത്രങ്ങൾ. പരമ്പരാഗത വസ്ത്രം ധരിച്ച ഫലസ്തീനി വനിത അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പോരാട്ടഭൂമിയുടെ പ്രതീകമായി. ഒലീവ്, ഓറഞ്ച് മരങ്ങൾ ആ മണ്ണിലെ തങ്ങളുടെ വേരുകളുടെയും അഭേദ്യമായ ബന്ധത്തിന്റെയും അടയാളങ്ങളായി മാറി.
ചിൽഡ്രൻ ഓഫ് ഫലസ്തീൻ, ദ കാമൽ ഓഫ് ബർഡൻസ്
കാലാകാലങ്ങളിൽ തന്റെ വ്യക്തിപരവും രാഷ്ട്രീയപരവുമായ അനുഭവങ്ങൾക്കനുസരിച്ച് റിയലിസത്തിൽ നിന്നും അബ്‌സ്ട്രാക്ട് ശൈലിയിലേക്ക് അദ്ദേഹം തന്റെ പ്രമേയങ്ങളെ മാറ്റിപ്പണിതു. 1973-ൽ അദ്ദേഹം വരച്ച ‘ജമൽ അൽ-മഹാമിൽ’ (The Camel of Burdens) എന്ന വിഖ്യാത ചിത്രം അറബ് ലോകത്തും അന്താരാഷ്ട്ര തലത്തിലും ഫലസ്തീന്റെ അതിജീവനത്തിന്റെ ഏറ്റവും വലിയ പ്രതീകമായി ഇന്നും കണക്കാക്കപ്പെടുന്നു. പ്രായമായൊരു ഫലസ്തീനി വൃദ്ധൻ വിശുദ്ധ നഗരമായ ജറുസലേം തന്റെ പുറത്തു ചുമന്നു നടന്നു നീങ്ങുന്ന ഒരു സാധാരണ കാഴ്ചയായി ഒറ്റനോട്ടത്തിൽ ഇതിനെ തോന്നാം.
എന്നാൽ, ഇതിലൂടെ ചിത്രകാരൻ പകർന്നു നൽകുന്ന അർഥതലമേറെയാണ്. ഇതിലെ ജറുസലേം വെറുമൊരു ഭാരമല്ല, ചരിത്രപരമായ പ്രതീകമാണ്. ആ വൃദ്ധൻ വെറുമൊരു ചുമട്ടുകാരനുമല്ല, മറിച്ച് പാലായനത്തിന്റെയും നഷ്ടങ്ങളുടെയും വിഭജനത്തിന്റെയും വേദനകൾ പേറുന്ന ഫലസ്തീൻ ജനതയുടെ പ്രതിരൂപമാണ്.
ആ ചിത്രത്തിൽ, വൃദ്ധന്റെ തളർന്ന ശരീരത്തിന് വിപരീതമായി പ്രകാശപൂരിതമായ ജറുസലേം നഗരത്തെയും മസ്ജിദുൽ അഖ്സയിലെ ‘ഡോം ഓഫ് ദി റോക്ക്’ ഗോപുരത്തെയും പ്രൗഢിയോടെയാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. യാഥാർഥ്യത്തിന്റെ കാഠിന്യവും മനുഷ്യത്വത്തിന്റെ മൂല്യങ്ങളും തമ്മിലുള്ള ഒരു ദൃശ്യസംഘർഷം സൃഷ്ടിക്കാൻ ഇതിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ചിത്രത്തിലെ ഓരോ ചെറിയ വിശദാംശങ്ങളും വെറുതെ വരച്ചുചേർത്തതല്ല, മറിച്ച് ഫലസ്തീന്റെ ദൃശ്യപ്രതിരോധത്തിന്റെ ആഴം അടയാളപ്പെടുത്തുന്നവയാണ്.
റുഉയ്യത്തുൽ ജദീദ: മണ്ണിൽ വിരിഞ്ഞ പ്രതിരോധം
1987-ൽ ഫലസ്തീൻ കലാരംഗത്ത് വലിയൊരു വിപ്ലവത്തിന് സുലൈമാൻ മൻസൂർ തുടക്കമിട്ടു. സഹകലാകാരന്മാരായ ഫേര തമാരി, തൈസീർ ബറക്കാത്ത്, നബീൽ അനാദി എന്നിവർക്കൊപ്പം അദ്ദേഹം ‘ന്യൂ വിഷൻ’ (റുഉയ്യത്തുൽ ജദീദ) എന്ന കൂട്ടായ്മക്ക് രൂപം നൽകി.
ഇസ്രായേലിന്റെ ആർട്ട് മെറ്റീരിയലുകൾ ബഹിഷ്കരിച്ചുകൊണ്ട്, വിപണിയിലെ കൃത്രിമ പെയിന്റുകൾക്കും കാൻവാസുകൾക്കും പകരം ഫലസ്തീന്റെ മണ്ണിൽ നിന്നുള്ള പ്രകൃതിദത്ത വസ്തുക്കളാണ് ഈ സംഘം ചിത്രരചനക്കായി ഉപയോഗിച്ചത്. കളിമണ്ണ്, മൈലാഞ്ചി, കാപ്പിപ്പൊടി, വൈക്കോൽ, തോൽ, മരക്കഷണങ്ങൾ, പ്രകൃതിദത്ത ചായങ്ങൾ എന്നിവയായിരുന്നു അവരുടെ ആയുധങ്ങൾ.
ഇതിൽ സുലൈമാൻ മൻസൂറിന് ഏറ്റവും പ്രിയപ്പെട്ട മാധ്യമം ‘കളിമണ്ണാ’യിരുന്നു. കാരണം, അത് ഫലസ്തീന്റെ സ്വന്തം മണ്ണായിരുന്നു. തടികൊണ്ടുള്ള ഫ്രെയിമുകൾക്കുള്ളിൽ കളിമണ്ണിന്റെ അടുക്കുകൾ നിരത്തി, അതിൽ രൂപങ്ങൾ ഒരുക്കിയ ശേഷം അദ്ദേഹം അത് ഉണങ്ങാൻ വെക്കും.
സിംപൽ ഓഫ് ഹോപ്,
കാലക്രമേണ ഈ കളിമൺ പാളികൾ ഉണങ്ങി വിണ്ടുകീറാൻ തുടങ്ങും. ചിത്രത്തിന്റെ അവസാന രൂപത്തിൽ ഈ വിള്ളലുകൾ പ്രകടമായി കാണാമായിരുന്നു. എന്നാൽ ഈ വിള്ളലുകൾ കേവലമൊരു പ്രകൃതിദത്ത പ്രതിഭാസമല്ല, മറിച്ച് വരണ്ടുപോയ ഫലസ്തീൻ ഭൂമിയുടെയും ചരിത്രത്തിന്റെയും തകർച്ചയുടെയും വിഭജനത്തിന്റെയും വേദനകൾ വിളിച്ചോതുന്ന ശക്തമായ പ്രതീകങ്ങളായിരുന്നു.
1996-ൽ അദ്ദേഹം തുടക്കം കുറിച്ച ‘അന ഇസ്മാഈൽ’ (ഞാൻ ഇസ്മാഈൽ) എന്ന പ്രശസ്തമായ ചിത്രപരമ്പര ഈ ശൈലിക്ക് ഉത്തമ ഉദാഹരണമാണ്. തടി ഫ്രെയിമിൽ കളിമണ്ണിൽ തീർത്ത ഈ രൂപങ്ങൾ ഒരു ഖബറിടത്തിലെ സ്മാരകശിലയെ ഓർമിപ്പിക്കുന്നതായിരുന്നു.
മണ്ണിൽ മാത്രം അദ്ദേഹം തന്റെ പരീക്ഷണങ്ങൾ ഒതുക്കിയില്ല. കാപ്പിപ്പൊടിയും മൈലാഞ്ചിയും അദ്ദേഹം കാൻവാസിലിറക്കി. ചില ചിത്രങ്ങളിൽ കളിമണ്ണിനൊപ്പം ഫലസ്തീനിലെ തനത് സുഗന്ധവ്യഞ്ജനങ്ങളായ സുമാഖും ജീരകവും അദ്ദേഹം ചേർത്തുവെച്ചു. ഈ തെരഞ്ഞെടുപ്പിന് പിന്നിൽ വ്യക്തമായൊരു രാഷ്ട്രീയമുണ്ടായിരുന്നു. പാശ്ചാത്യ നിർമ്മിത വസ്തുക്കളിൽ നിന്ന് കലയെ മോചിപ്പിക്കാനും താൻ വരക്കുന്ന വിഷയം മാത്രമല്ല അതിനായി ഉപയോഗിക്കുന്ന മാധ്യമവും ഫലസ്തീന്റെ മണ്ണാകണമെന്നുമുള്ള വിപ്ലവാത്മകമായ ചിന്തയുടെയും അനുരണനമായിരുന്നു അത്.
റിയലിസത്തിൽ നിന്ന് അബ്‌സ്ട്രാക്ടിലേക്ക്
പിന്നീട് തന്റെ ചിത്രങ്ങളിൽ അദ്ദേഹം അബ്‌സ്ട്രാക്ട് ശൈലിയും പരീക്ഷിക്കാൻ തുടങ്ങി. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ‘അൽ-ഹഷദ്’ (The Crowd) എന്ന സൃഷ്ടി. ഇതിൽ മനുഷ്യർ വ്യക്തികളായല്ല, മറിച്ച് വരകളും ചായങ്ങളും നിറങ്ങളും ചേർന്നൊരു വലിയ ദൃശ്യരൂപമായാണ് പ്രത്യക്ഷപ്പെടുന്നത്.
വിഷയത്തിന്റെ പ്രാധാന്യത്തിനനുസരിച്ച് തന്റെ ദൃശ്യഭാഷ മാറ്റാനുള്ള സുലൈമാന്റെ കഴിവാണ് ഇത് കാണിക്കുന്നത്. ‘ജമൽ മഹാമൽ’ എന്ന ചിത്രത്തിന് സാധാരണക്കാരിലേക്ക് നേരിട്ട് സംവദിക്കുന്ന റിയലിസ്റ്റിക് ശൈലിയാണ് ആവശ്യമെങ്കിൽ,‘അൽ-ഹഷദ്’ എന്ന ചിത്രത്തിൽ യാഥാർഥ്യത്തിന്റെ വിശദാംശങ്ങളേക്കാൾ നിറങ്ങൾക്കും താളത്തിനുമാണ് പ്രാധാന്യം. ഇത് വായനക്കാരെ ചിത്രത്തെ സ്വയം വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു.
ജീവിതത്തിന്റെ അവസാന വർഷങ്ങളിലും പരീക്ഷണങ്ങൾ നടത്താൻ അദ്ദേഹം മടിച്ചില്ല. മുൻകൂട്ടി തയാറാക്കിയ സ്കെച്ചുകൾ ഇല്ലാതെ നേരിട്ട് കാൻവാസിലേക്ക് ചിത്രം വരക്കുന്ന രീതിയും അബ്‌സ്ട്രാക്ട് എക്സ്പ്രഷനിസവും അദ്ദേഹം പരീക്ഷിച്ചു.
യുദ്ധങ്ങളും സംഘർഷങ്ങളും സമ്മാനിച്ച ക്രൂരമായ ദൃശ്യങ്ങളെയും മനുഷ്യന്റെ മാനസിക വേദനകളെയും കലയുടെ പോസിറ്റീവ് ഊർജമാക്കി മാറ്റാനുള്ള ശ്രമമായിരുന്നു അത്. ഫലസ്തീനെയും അവിടത്തെ മനുഷ്യരെയും ഓർമകളെയും കാലം മായ്ച്ചുകളയാതിരിക്കാൻ ആ മണ്ണിനെത്തന്നെ പ്രതിരോധ കവചമാക്കുകയായിരുന്നു സുലൈമാൻ മൻസൂർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.