സംഗീതത്തിന് ദേശവും ഭാഷയുമുണ്ടോ ?. ഇല്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് കിഷോർ സുനാർ. ആള് നേപ്പാളിയാണ്. നല്ല സുന്ദരമായി മലയാളം പറയും, പാടും. മലയാളത്തിനോടുള്ള പ്രണയം മൂത്ത് ഇപ്പോഴൊരു യൂ ട്യൂബ് ചാനൽ കൂടി തുടങ്ങിയിട്ടുണ്ട്. പേര് 'മല്ലു നേപാളി' (Mallu Nepali).
അബൂദബി അൽസീന റസിഡൻഷ്യൽ ഏരിയയിലെ റിസപ്ഷനിസ്റ്റാണ് കക്ഷി. സുഹൃത്തുക്കളായ ഷിഹാബുദ്ദീനും നിയാസുമെല്ലാം മലയാളം പറയുന്നതും പാട്ട് കേൾക്കുന്നതും കണ്ടാണ് ഒരു കൈ നോക്കാമെന്ന് കരുതിയത്. 'മാണിക്യ മലരായ പൂവി'യായിരുന്നു ആദ്യ ശ്രമം. അത്ര തൃപ്തിയാകാത്തതിനാൽ പുറത്തുവിട്ടില്ല. പിന്നീടും പല ഗാനങ്ങൾ റെക്കോഡ് ചെയ്തെങ്കിലും യൂ ട്യൂബിൽ അപ്ലോഡ് ചെയ്യാൻ ആത്മവിശ്വാസമുണ്ടായില്ല. ഇനിയും വൈകരുതെന്ന സുഹൃത്തുക്കളുടെ സ്നേഹോപദേശത്തിെൻറ കരുത്തിലാണ് പുതിയ യൂ ട്യൂബ് ചാനൽ പുറത്തിറക്കി മലയാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം മല്ലുവിെൻറ മലയാളം തട്ടകത്തിലെ യൂ ട്യൂബ് അരങ്ങേറ്റമായിരുന്നു. ആദ്യ ഗാനം തന്നെ മോശമാക്കിയില്ല. 'ഇശലായി നീയേ, ഗസലായി നീയേ, ഉള്ളിന്നുള്ളിൽ മഹറായി നീയേ...' കിഷോർ പാടിതകർത്തു. നൈഷ ഫാത്തിമയും സജീർ കൊപ്പവും പാടിയ 'നീയെൻ കിത്താബ്' എന്ന ആൽബത്തിലെ ഗാനമാണിത്. ഒരുകോടിയിലേറെ മലയാളികൾ കണ്ട ഇൗ ആൽബം മല്ലുവിെൻറ പേജിലും ഹിറ്റാകുമെന്നാണ് കരുതുന്നത്. പണ്ട് പാടി നിർത്തിയ 'മാണിക്യ മലരായ പൂവി' ഒരിക്കൽ കൂടി ശ്രമിച്ചുനോക്കാനാണ് പ്ലാൻ. ഈ പാട്ട് പാടിയതാരെേന്നാ ഏത് സിനിമയിലേതാണെന്നോ കിഷോറിനറിയില്ല. പക്ഷെ, ഒന്നറിയാം. ഇെതാരു പഴയ പാട്ടാണ്. അതിെൻറ റി മേക്കാണ് കഴിഞ്ഞ വർഷം ഇറങ്ങിയത്. അതിെൻറ മറ്റൊരു വേർഷനായിരിക്കും കിഷോറിലൂടെ പുറത്തിറങ്ങുന്നത്. സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാനവും നീയെറിഞ്ഞ കല്ലുമാലയും പിന്നാലെ വരും. സ്വന്തമായി റെക്കോഡിങ് സംവിധാനവും മൈക്കുമുണ്ടെങ്കിലും ആദ്യ ഗാനം ചിത്രീകരിച്ചതും റെക്കോഡ് ചെയ്തതുമെല്ലാം സ്വന്തം ഐ ഫോണിലാണ്. സഹായിച്ചത് കോഴിക്കോട് സ്വദേശി ഷിഹാബുദ്ദീനും സുഹൃത്തുക്കളായ പ്രീതം ശ്രേഷ്ഠയും ശാന്താറാം താപയും.
ഇന്ത്യയിൽ വന്നിട്ടില്ലെങ്കിലും കിഷോറിന് ഇന്ത്യയുമായി ആത്മബന്ധമുണ്ട്. ഇന്ത്യൻ ആർമിയിൽ സൈനികനായിരുന്ന പിതാവ് ടേക് ബഹാദൂർ വിരമിച്ച് നേപ്പാളിലെത്തിയപ്പോഴാണ് കിഷോർ പിറന്നത്. ദക്ഷിണേന്ത്യൻ ഗാനങ്ങൾക്ക് വല്ലാത്തൊരു ഫീലാണെന്ന് കിഷോർ പറയുന്നു. അതാണ് തന്നെ ആകർഷിച്ചത്. അല്ലു അർജുനും പ്രഭാസുമാണ് ഇഷ്ടതാരങ്ങൾ. മലയാളികളുടെ സ്നേഹവും കിഷോർ എടുത്തുപറയുന്നു. ജാതിയും മതവും ദേശവുമൊന്നും കാര്യമാക്കാതെ സ്നേഹം മാത്രം സമ്മാനിക്കുന്നവരാണ് മലയാളികൾ എന്നാണ് കിഷോറിെൻറ അഭിപ്രായം.
നന്നായി ഗിറ്റാർ വായിക്കുമെന്നല്ലാതെ സംഗീത മേഖലയുമായി മറ്റ് ബന്ധങ്ങളൊന്നുമില്ല. ഒമ്പത് വർഷമായി യു.എ.ഇയിലുണ്ട്. നേപ്പാളി ഗാനങ്ങളേക്കാൾ ഇഷ്ടം ദക്ഷിണേന്ത്യൻ പാട്ടുകളോട്. നേപ്പാളിലെ പൊഖാരയിലാണ് സ്വദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.