ദുബൈ: വിശ്വമേളയുടെ നഗരിയെ ആവേശക്കൊടുമുടിയിലെത്തിച്ച് ദുബൈ എക്സ്പോ റണിന്റെ അവസാന റൺ. എക്സ്പോ അവസാനിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ എക്സപോയിൽ ഓടാനുള്ള അവസാന അവസരം ദുബൈ നിവസികൾ ആഹ്ലാദത്തോടെ ഏറ്റെടുക്കുകയായിരുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം നലകിയിരുന്നത്. ഇവർക്കുള്ള ജഴ്സിയും ബിബ് നമ്പറും അടക്കിയ കിറ്റുകൾ നേരത്തെ വിതരണം ചെയ്തിരുന്നു. 2500ഓളം പേർ പങ്കെടുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കൂടുതൽ പേർ എത്തിച്ചേർന്നതായാണ് വിലയിരുത്തൽ.
രാവിലെ 6.30നാണ് പത്ത് കിലോമീറ്റർ റേസ് തുടങ്ങിയത്. എട്ട് മുതൽ അഞ്ച് കിലോമീറ്ററും 8.30ന് മൂന്ന് കിലോമീറ്ററും ആരംഭിച്ചു. എക്സ്പോ നഗരി മുഴുവൻ ചുറ്റിക്കറങ്ങുന്ന രീതിയിലാണ് റൺ ക്രമീകരിച്ചിരിക്കുന്നത്. 6.30ന് ജൂബിലി പാർക്കിൽ നിന്നാണ് പത്ത് കിലോമീറ്റർ ഓട്ടം തുടങ്ങിയത്. ദീർഘദൂര ഓട്ടങ്ങൾക്ക് താൽപര്യമുള്ളവരാണ് ഇതിൽ പങ്കെടുത്തത്. 7.10 മുതൽ എക്സ്പോ സ്പോർട്സ് അരീനിയിലും ഫെസ്റ്റിവൽ ഗാർഡനിലും വിവിധ പരിപാടികളും റണ്ണിനോട് അനുബന്ധിച്ച് അരങ്ങേറി.
ജൂബിലി പാർക്കിൽ നിന്ന് തന്നെയാണ് അഞ്ച്, മൂന്ന് കിലോമീറ്റർ ഒട്ടവും തുടങ്ങിയത്. അഞ്ച് കിലോമീറ്റർ വീതമുള്ള രണ്ട് ലാപ്പുകളായിട്ടാണ് പത്ത് കിലോമീറ്റർ മത്സരം നടന്നത്. എന്നാൽ, അഞ്ച്, മൂന്ന് കിലോമീറ്റർ മത്സരങ്ങൾ ഒറ്റ ലാപ്പിലായിരുന്നു. മൂന്ന് സ്ഥലങ്ങളിൽ കുടിവെള്ള സ്റ്റേഷനുകൾ ഒരുക്കിയിരുന്നു. ഒമ്പത് മണിക്ക് ഫെസ്റ്റിവൽ ഗാർഡനിൽ സമ്മാന ദാനം സംഘടിപ്പിച്ചു. എക്സ്പോയിലെ മൂന്നാമത്തെയും അവസാനത്തേയും റേസാണ് ശനിയാഴ്ച നടന്നത്.
പങ്കെടുക്കുന്നവർക്കെല്ലാം മെഡൽ, സർട്ടിഫിക്കറ്റ്, ടീ ഷർട്ട്, എക്സ്പോ എൻട്രി ടിക്കറ്റ് എന്നിവ ലഭിച്ചു. 25 ദിർഹമായിരുന്നു രജിസ്ട്രേഷൻ ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.