പുതുമകൾ നിറച്ച് വീണ്ടും 'ആര്‍ട്ട് ദുബൈ'

ലോകത്തിലെ കലാവിസ്മയങ്ങളെ ഒരൊറ്റ വേദിക്ക് കീഴിൽ അണിനിരത്തുന്ന 'ആര്‍ട്ട് ദുബൈ' ഇത്തവണയും പുതുമകളും വ്യത്യസ്തകളും നിറഞ്ഞതായിരിക്കും. 'ആര്‍ട്ട് ദുബൈ' പതിനാലാം പതിപ്പ് മാർച്ച് 29 മുതൽ ഏപ്രിൽ 3 വരെ ദുബൈ ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻററിലെ ഐക്കണിക് ഗേറ്റ് ബിൽഡിംഗിൽ നടക്കും. 52 രാജ്യങ്ങളിൽ നിന്നായി 100ൽപരം കലാകാരന്മാരാണ് മേളയിൽ പങ്കാളികളാവുന്നത്. ഏറ്റവും ഉയർന്ന കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ഉറപ്പാക്കുന്ന മേളയിൽ മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക, ദക്ഷിണേഷ്യ, ഗ്ലോബൽ സൗത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലകളെ കേന്ദ്രീകരിച്ചുള്ള പ്രദർശനങ്ങൾ, ഇൻസ്റ്റലേഷൻ, ആർട് വർക്ക്, സിമ്പോസിയങ്ങൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, വർക്ക്‌ഷോപ്പുകൾ, ഓഫ്-സൈറ്റ് സന്ദർശനങ്ങൾ എന്നിവ നടക്കും. അക്കാദമിക്, വിമർശകർ, ക്യൂറേറ്റർമാർ, കലാകാരന്മാർ എന്നിവർ നേതൃത്വം നൽകുന്ന സെഷനുകളും സംഘടിപ്പിക്കും

ദുബൈ ഇൻറർനാഷണൽ ഫിനാൻഷ്യൽ സെൻററിലെ ഗേറ്റിനു ചുറ്റുമുള്ള ജലപാതകളിലൊരുക്കുന്ന സ്കൾച്ചർ പാർക്ക് ആയിരിക്കും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. മുഹമ്മദ് അഹമ്മദ് ഇബ്രാഹിം, റാഷിദ് കൊറാച്ചി, റാഷെദ് അൽ ഷഷായ്, ഗോൺകലോ മബുണ്ട, ഹുസൈൻ ഷെരീഫ്, ദിയ അൽ-അസ്സാവി, കോസ്റ്റാസ് വരോട്‌സോസ്, താരിക്ക് കറിംബോയ്, ബെർണാർ വെനെറ്റ്, പാബ്ലോ റെയ്‌നോസോ എന്നിവരുൾപ്പെടെ 10 കലാകാരന്മാർ ശിൽപ പാർക്കിൽ പങ്കെടുക്കും. ഒപ്പം വീഡിയോ ആർട് പ്രോഗ്രാം, ഇത്റ ആർട് പ്രൈസ്, കാമ്പസ് ആർട് ദുബൈ, ഓൺലൈൻ എക്സിബിഷനുകൾ, ആർട് ദുബൈ കമീഷൻസ്, ഗ്ലോബൽ ആർട് ഫോറം എന്നിവയും നടക്കും.

50 വർഷത്തെ ഇമാറാത്തിെൻറ ചരിത്രം ദൃശ്യവത്കരിക്കുന്ന രമേഷ് ശുക്ലയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോഗ്രാഫിക് എക്സിബിഷൻ പ്രധാന ഇനമായി ഇത്തവണത്തെ ആർട് ദുബൈയിൽ നടക്കും. 1971 ഡിസംബർ 2 മുതൽ രമേഷ് ശുക്ല എടുത്ത ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. രാജ്യം പിന്നിട്ട 50 വർഷത്തെ അനുസ്മരിക്കുന്നതോടൊപ്പം ബഹുമാന്യരായ സ്ഥാപക പിതാക്കന്മാരുടെ ഛായാചിത്രങ്ങൾ, വിന്റേജ് ലാൻഡ്‌മാർക്കുകൾ, പരമ്പരാഗത ആചാരങ്ങളും പൈതൃകങ്ങളും എന്നിവയെല്ലാം ചിത്രങ്ങളിലൂടെ മിന്നിമറയും. 'ആര്‍ട്ട് ദുബൈ' ഗ്രാഫിക് കാമ്പയിനും ഇതേ ചിത്രങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-11-16 08:17 GMT