ഗൾഫ് സഹകരണ കൗൺസിൽ റിയാദിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ നിന്ന്
മനാമ: ജി.സി.സി രാജ്യങ്ങൾക്കിടയിലെ ലോജിസ്റ്റിക്സ് സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടേറിയറ്റ് റിയാദിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ബഹ്‌റൈൻ പ്രതിനിധികൾ പങ്കെടുത്തു.
ബഹ്‌റൈൻ ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്സ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദഈൻ, പോർട്ട്സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എൻജിനീയർ മയാസ് അൽ മുഅ്തസ് ബില്ല അൽ അക, എയർ ട്രാൻസ്പോർട്ട് ഡയറക്ടർ അബ്ദുല്ല ഹസ്സൻ അൽ ഖാദി എന്നിവരാണ് ബഹ്‌റൈനെ പ്രതിനിധീകരിച്ച് ശിൽപശാലയിൽ പങ്കെടുത്തത്.
ജി.സി.സി കൗൺസിൽ നേതാക്കളുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. ജൂൺ 17ന് നടന്ന ഗതാഗത മന്ത്രിമാരുടെ 29ാമത് സമിതി യോഗത്തിന്റെ തീരുമാനപ്രകാരമാണ് ഈ സുപ്രധാന നീക്കം. ജി.സി.സി രാജ്യങ്ങൾക്കിടയിലെ റെയിൽവേ ശൃംഖലയെ തമ്മിൽ ബന്ധിപ്പിക്കുക, ചരക്ക് ഗതാഗതത്തിൽ കൂടുതൽ കാര്യക്ഷമതയും വഴക്കവും ഉറപ്പാക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ജി.സി.സിയിലെ ലോജിസ്റ്റിക് മേഖലയുടെ നിലവിലെ അവസ്ഥ, അന്താരാഷ്ട്ര അനുഭവങ്ങൾ, സാമ്പത്തിക സ്വാധീനം എന്നിവ ശിൽപശാലയിൽ വിശദമായി ചർച്ച ചെയ്തു. അടിയന്തര സാഹചര്യങ്ങളിൽ ലോജിസ്റ്റിക് സേവനങ്ങൾ എങ്ങനെ മെച്ചപ്പെടുത്താം, ഇതിനായുള്ള റോഡ് മാപ്പ് എങ്ങനെ തയ്യാറാക്കാം തുടങ്ങിയ വിഷയങ്ങളിൽ സമഗ്രമായ ചർച്ചകൾ നടന്നു.
പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കൺസൾട്ടൻസി കമ്പനി സാങ്കേതികമായ വിശദാംശങ്ങൾ അവതരിപ്പിച്ചു. സാമ്പത്തിക വികസനവും സുസ്ഥിരമായ വളർച്ചയും ലക്ഷ്യമിട്ട് കൂടുതൽ പഠനങ്ങൾ നടത്തുന്നതിന് അംഗരാജ്യങ്ങളിൽ നിന്ന് ആവശ്യമായ ഡാറ്റാ ശേഖരണം നടത്തുന്നതിനെക്കുറിച്ചും ശിൽപശാലയിൽ ചർച്ച ചെയ്തു.
ജി.സി.സി രാജ്യങ്ങളുടെ ഗതാഗത സംവിധാനങ്ങളെ ഏകീകരിക്കുന്നതിലൂടെ മേഖലയുടെ മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.