മസ്കത്ത്: വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ് തുടരുന്നു. മണിക്കൂറിൽ 55 മുതൽ 142കി.മീ വേഗമുള്ള കാറ്റാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതിനാൽ കനത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കെയ്റോൺ ഹെയ്റിറ്റി 142 കി.മീ, ദാൽഖട്ട് 75 കി.മീ, ഖാറൺ അൽ ആലം 55 കി.മീ എന്നിങ്ങനെയാണ് വിവിധ നിരീക്ഷണകേന്ദ്രങ്ങളിൽ മണിക്കൂറിൽ രേഖപ്പെടുത്തിയിട്ടുള്ള കാറ്റിന്റെ വേഗം.
കനത്ത നാശനഷ്ടങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ചിലയിടങ്ങളിൽ കടയുടെ ബോർഡുകളും താൽകാലിക ടെന്റുകളുമൊക്കെ പാറിപ്പോയി. പൊടിക്കാറ്റ് വീശുന്നതിനാൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്. അതിനാൽ ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ ഗവർണറേറ്റുകളിൽ മഴക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ കടൽ പ്രക്ഷുബ്ധമായി.
വ്യാഴാഴ്ച വൈകീട്ട് മുതൽ തന്നെ മസ്കത്ത് അടക്കമുള്ള ഗവർണറേറ്റുകളിൽ കാറ്റ് വീശി തുടങ്ങിയിരുന്നു. പുലർച്ചെ ആയപ്പോഴേക്കും പലയിടത്തും ശക്തിയാർജിച്ചു. താപനില കുറഞ്ഞതിനാൽ കനത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ബുറൈമിയിൽ വെള്ളിയാഴ്ച രാവിലെ മുതൽ കാറ്റ് വീശിയിരുന്നെങ്കിലും വൈകീട്ടോടെയാണ് ശക്തിയാർജിച്ചത്. തണുപ്പിനെ പ്രതിരോധിക്കാൻ സ്വദേശികളടക്കമുള്ളവർ കമ്പിളി വസ്ത്രം ധരിച്ചാണ് ഇവിടെ വെള്ളിയാഴ്ച പുറത്തിറങ്ങിയത്. സാധാരണ അവധി ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്ന ബുറൈമിയിലെ കച്ചവടസ്ഥാപനങ്ങളും തെരുവോരങ്ങളും വിജനമായിരുന്നു വെള്ളിയാഴ്ച വൈകീട്ട്.
മിക്ക ഗവർണറേറ്റുകളിലും വടക്കുപടിഞ്ഞാറന്‍ കാറ്റ് അടിച്ചുവീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ദിവസങ്ങൾക്ക് മുമ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. വരും ദിവസങ്ങളിലും ശക്തമായ കാറ്റ് തുടരും. തുറസ്സായ സ്ഥലങ്ങളിലും മരുഭൂമികളിലും പൊടിക്കാറ്റ് ശക്തമാകും. താപനിലയിലും പ്രകടമായ മാറ്റംവന്നേക്കും. തീരപ്രദേശങ്ങളില്‍ രണ്ട് മുതല്‍ നാല് മീറ്റര്‍ വരെ തിരമാല ഉയരാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവരും മത്സ്യത്തൊഴിലാളികളും മുന്‍കരുതലെടുക്കണമെന്നും സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, തണുപ്പ് ശക്തമാകുന്നതോടെ ജലദോഷം, ചുമ, പനി, കഫക്കെട്ട്, തുമ്മൽ തുടങ്ങിയ അസുഖങ്ങളും വ്യാപകമാകാൻ സാധ്യതയുണ്ട്. കോവിഡ് പാശ്ചാത്തലത്തിൽ ഇത്തരം തണുപ്പ് കാല അസുഖങ്ങളെ ജാഗ്രതയോടെയാണ് പലരും കാണുന്നത്. രോഗം മൂർഛിച്ചാൽ കോവിഡ് ആയി മാറുമോ എന്ന് സംശയിക്കുന്നവരും നിരവധിയാണ്. അതിനാൽ പരമാവധി തണുപ്പ് കാല അസുഖങ്ങൾ വരാതെ സൂക്ഷിക്കുകയാണ് പലരും ചെയ്യുന്നത്. അസുഖങ്ങൾ വരുമ്പോൾ തന്നെ പാരമ്പര്യ ചികിത്സ രീതിയിലൂടെ രോഗങ്ങൾ മൂർഛിക്കാതിരിക്കാൻ നടപടിയെടുക്കുന്നുണ്ട്.
എന്നാൽ തണുപ്പിനെ തീരെ ഗൗനിക്കാത്തവരും നിരവധിയാണ്. എന്നാൽ തണുപ്പ് കാലത്ത് ജാഗ്രത പാലിക്കാതിരിക്കുന്നത് വൻ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നിയിപ്പ് നൽകുന്നു. അതിശൈത്യം ശരീരത്തിലെ ഹൃദയം അടക്കമുള്ള ഭാഗങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.