മനാമ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ (ഡബ്ല്യു.ബി.എ.എഫ്) ആഗോള സമ്മേളനം മനാമയിൽ നവംബർ 18,19, 20 തീയതികളിൽ നടക്കും.
പ്രധാന മന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി. ‘മൊബിലൈസിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക്സ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്നതാണ് ജി.സി.സിയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിന്റെ പ്രമേയം.
ഏഞ്ചൽ ഇൻവെസ്റ്റേഴ്സ്, ആഗോള സ്റ്റാർട്ടപ്പ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ധർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. തിരഞ്ഞെടുക്കപ്പെടുന്ന നൂറോളം സ്റ്റാർട്ടപ് സംരംഭങ്ങൾക്ക് ഡബ്ല്യു.ബി.എ.എഫ് ഇക്കുറി ഫണ്ട് അനുവദിക്കും.
ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറമാണ് ഡബ്ല്യു.ബി.എ.എഫ്. ജി 20 രാഷ്ട്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ്. നെതർലൻഡ്സ് രാജ്ഞി ‘ക്വീൻ മാക്സിമ’ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയർപേഴ്സൻ.
നവംബർ 19ന് രാവിലെ ഒമ്പതിന് ഡബ്ല്യു.ബി.എ.എഫ് ഡയറക്ടർ ബോർഡ് ചെയർമാൻ ബൈ ബാർസ് അൽതുന്താസിന്റെ അധ്യക്ഷതയിൽ തുടങ്ങുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യക്കു പുറമെ അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ, റഷ്യ, ചൈന, ആസ്ട്രേലിയ, ജർമനി, സ്വീഡൻ, ജപ്പാൻ, ഫിലിപ്പീൻസ്, സൗത്ത് കൊറിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, ഗൾഫ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെക്സികോ, ഇറാൻ, തുർക്കിയ എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
സൗദി അറേബ്യയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലിന്റോ പ്രത്യേക പ്രതിനിധിയാണ്. ഇന്ത്യയിൽ നിന്നുള്ള ഡബ്ല്യു.ബി.എ.എഫ് പ്രതിനിധിയും യു.എ.ഇ കൺട്രി ചെയറുമായ സെനറ്റർ ഹാരിസ് എം.കോവൂർ സമ്മേളനത്തിന്റെ ‘സ്റ്റാർട്ടപ് റൗണ്ട് ടേബിൾ സെഷനിൽ’ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.