മനാമ: വയനാട് ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സി.പി.ഐ സ്ഥാനാർഥിയെ പിൻവലിക്കണമെന്ന് ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം ആവശ്യപ്പെട്ടു.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിയായി വയനാട് മത്സരിച്ച ആനിരാജ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ രാഹുൽ ഗാന്ധി മത്സരിച്ച റായ്ബറേലിയിൽ രാഹുൽ ഗാന്ധിക്കായി പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത് ലോകം മുഴുവൻ കണ്ടതാണ്. രാജ്യത്ത് വർഗീയ-ഫാഷിസ്റ്റ് ശക്തികളുടെ വളർച്ചയെ ചെറുക്കാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിക്ക് മാത്രമേ സാധിക്കൂ.
ഇൻഡ്യ മുന്നണിയുടെ ഘടകകക്ഷിയായ സി.പി.ഐ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത് ഒഴിവാക്കി, നിലവിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങൾ നിരവധി തവണ വിജയിച്ച മണ്ഡലത്തിൽനിന്ന് രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം ഉറപ്പിക്കാൻ തയാറാകണമെന്നും രാജു കല്ലുംപുറം അഭ്യർഥിച്ചു.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും വിഹിതമല്ലാത്ത നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാനുള്ള അവസരം ഉണ്ടായത്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്, കുഴൽപണകേസ് തുടങ്ങി നിരവധി കേസുകളിൽ ബി.ജെ.പിയെ സഹായിക്കുന്ന മുന്നണിയിൽ തുടർന്ന് പോകണമോ എന്ന് സി.പി.ഐ തീരുമാനിക്കണമെന്നും രാജു കല്ലുംപുറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.