മനാമ: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പളം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന വേതന സംരക്ഷണ സംവിധാനത്തിെൻറ രണ്ടാം ഘട്ടം സെപ്റ്റംബർ ഒന്നിന് നടപ്പിൽ വരും. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ ജമാൽ അബ്ദുൽ അസീസ് അൽ അലാവിയാണ് ഇക്കാര്യം അറിയിച്ചത്. പുതിയ സംവിധാനത്തിെൻറ ഭാഗമാകാനുള്ള തൊഴിലുടമകളുടെ സന്നദ്ധതയെ അദ്ദേഹം അഭിനന്ദിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം ഇൗ വർഷം മെയ് ഒന്നിനാണ് നിലവിൽ വന്നത്.
രണ്ടാം ഘട്ടത്തിൽ 50 മുതൽ 499 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളാണ് പദ്ധതിയിൽ വരുന്നത്. 1328 തൊഴിലുടമകളും 163,000 ജീവനക്കാരുമാണ് ഇൗ ഘട്ടത്തിൽ പദ്ധതിയുടെ ഭാഗമാകുന്നത്. രണ്ടാം ഘട്ടം ഒൗദ്യോഗികമായി തുടങ്ങും മുമ്പ് തന്നെ 46 ശതമാനം പേരും പദ്ധതിയിൽ ചേർന്നു. ഒന്നാം ഘട്ടത്തിൽ 85 തൊഴിലുടമകളും 93000 ജീവനക്കാരുമാണ് പദ്ധതിയുടെ ഭാഗമായത്. അടുത്ത വർഷം ജനുവരി ഒന്നിന് നടപ്പിൽ വരുന്ന അവസാന ഘട്ടത്തിൽ ഒന്ന് മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങളും വേതന സംരക്ഷണ സംവിധാനത്തിൽ ചേരും.
പദ്ധതി നടപ്പാക്കുന്നതിലെ തടസ്സം പരിഹരിക്കാൻ കമ്പനികളും സ്ഥാപങ്ങളുമായി എൽ.എം.ആർ.എ ടീം ബന്ധപ്പെടുന്നുണ്ട്. പുതിയ സംവിധാനമനുസരിച്ച് അക്കൗണ്ട് തുറക്കാൻ കഴിയുന്ന ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പട്ടിക എൽ.എം.ആർ.എ വെബ്സൈറ്റിൽ ലഭ്യമാണ്. പുതിയ സംവിധാനത്തിന് കീഴിൽ ജീവനക്കാരുടെ ശമ്പളം നൽകാൻ സെൻട്രൽ ബാങ്ക് ഒാഫ് ബഹ്റൈെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിലോ ബാങ്കിലോ ജീവനക്കാരുടെ പേരിൽ അക്കൗണ്ട് തുടങ്ങണം.
സ്വദേശികൾക്കും പ്രവാസികൾക്കും ഇത് ബാധകമാണ്. തൊഴിലുടമകൾ കൃത്യമായി ശമ്പളം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഇതുവഴി കഴിയും. ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും ശമ്പളം വിതരണം ചെയ്തതിെൻറ പ്രതിമാസ റിപ്പോർട്ട് എൽ.എം.ആർ.എക്ക് നൽകണം. കൃത്യമായി ശമ്പള വിതരണം നടക്കുന്നുണ്ടോയെന്ന് ഇൗ റിപ്പോർട്ട് പരിശോധിച്ച് എൽ.എം.ആർ. എ വിലയിരുത്തും. തുടക്കമെന്ന നിലയിൽ ആറു മാസത്തെ ഗ്രേസ് പിരീയഡ് തൊഴിലുടമകൾക്ക് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.