മനാമ: ബഹ്റൈൻ, ബ്രിട്ടീഷ് നിയമ സംവിധാനത്തിൽ വൈദഗ്ധ്യം നൽകുന്ന ഇരട്ട ബിരുദ നിയമപഠന പദ്ധതിയുമായി അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി (എ.എസ്.യു ) രംഗത്ത്. ലണ്ടൻ സൗത്ത് ബാങ്ക് യൂനിവേഴ്സിറ്റിയുമായി (എൽ.എസ്.ബി.യു) സഹകരിച്ചാണ് എ.എസ്.യു ഈ പ്രത്യേക എൽഎൽ.ബി (ഓണേഴ്സ്) നിയമപഠന പരിപാടി ഒരുക്കിയിരിക്കുന്നത്.
പൂർണമായും ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന ഈ കോഴ്സ്, എ.എസ്.യുവിൽ നിന്നും എൽ.എസ്.ബി.യുവിൽ നിന്നും ഔദ്യോഗിക ബിരുദങ്ങൾ നേടാൻ വിദ്യാർഥികളെ സഹായിക്കും. ഇത് പ്രാദേശിക, അന്താരാഷ്ട്ര നിയമരംഗങ്ങളിൽ ബിരുദധാരികൾക്ക് വലിയ സാധ്യതകൾ തുറക്കും. നിയമപരമായ കാര്യങ്ങളിലോ അനുബന്ധ മേഖലകളിലോ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്.
2025/2026 അധ്യയന വർഷത്തിലെ ആദ്യ സെമസ്റ്ററിൽ ഈ പ്രോഗ്രാമിൽ ചേരുന്ന എല്ലാ വിദ്യാർഥികൾക്കും ഭാഗിക സ്കോളർഷിപ്പും ലഭിക്കും. ഹൈസ്കൂൾ ഗ്രേഡുകൾ അനുസരിച്ച് 25ശതമാനം മുതൽ 35ശതമാനം വരെയാണ് സ്കോളർഷിപ്. ശേഷിക്കുന്ന മൂന്ന് വർഷങ്ങളിൽ ഇത് 15ശതമാനം മുതൽ 25ശതമാനം വരെയായിരിക്കും.
കോഴ്സിന്റെ പ്രാരംഭ വർഷം ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അക്കാദമിക് കഴിവുകൾ എന്നിവ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ബഹ്റൈന്റെ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ആവശ്യകതകൾക്കനുസരിച്ച് അറബി ഭാഷ, ബഹ്റൈൻ സംസ്കാരവും ചരിത്രവും, മനുഷ്യാവകാശങ്ങൾ എന്നീ മൂന്ന് നിർബന്ധിത വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
തുടർന്നുള്ള മൂന്ന് വർഷങ്ങളിൽ വിദ്യാർഥികൾക്ക് നിയമപരമായ അറിവും പ്രഫഷനൽ കഴിവുകളും വികസിപ്പിക്കാൻ സാധിക്കും. ഇത് നിയമ പരിശീലനം, കൺസൽട്ടൻസി, ജുഡീഷ്യറി പോലുള്ള ജോലികൾക്കും അല്ലെങ്കിൽ ഉന്നത പഠനത്തിനും യോഗ്യത നേടാനും അവരെ സഹായിക്കും. അന്താരാഷ്ട്ര പരിചയസമ്പന്നരായ അധ്യാപകരാണ് പഠിപ്പിക്കാനെത്തുന്നത്. മെറിറ്റ് അടിസ്ഥാനത്തിൽ മികച്ച വിദ്യാർഥികൾക്ക് ഭാഗിക സ്കോളർഷിപ്പുകളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.