35ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവം; പരമ്പരാഗത ഫിജ്‌രി സംഗീതസന്ധ്യയുമായി ‘ഖലാലി ഫോക്ക് ബാൻഡ്’
മനാമ: 35-ാമത് ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവത്തിലെ പ്രാദേശിക സംഗീത പരിപാടികൾക്ക് തുടക്കം. ദാർ അൽ മുഹറഖിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ പ്രശസ്ത നാടൻ കലാസംഘമായ 'ഖലാലി ഫോക്ക് ബാൻഡ്' അവതരിപ്പിച്ച ഫിജ്‌രി സംഗീത പരിപാടി കാണികളുടെ മനംകവർന്നു.
പഴയകാലത്ത് പേൾ ഡൈവിങ്ങുമായി ബന്ധപ്പെട്ട് വന്നതും യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതുമായ പരമ്പരാഗത ആവിഷ്കാരമാണ് ഫിജ്‌രി. ജർഹാൻ, തൻസീല, നഹ്‌മ തുടങ്ങിയ ഫിജ്‌രി സംഗീതത്തിന്റെ വിവിധ രൂപങ്ങൾ കോർത്തിണക്കിയായിരുന്നു സംഘത്തിന്റെ അവതരണം. 2025-ൽ ആഗാ ഖാൻ മ്യൂസിക് അവാർഡ് നേടി അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ സംഗീത സംഘമാണ് ഖലാലി ഫോക്ക് ബാൻഡ്.
തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടുപോരുന്ന തനത് സംഗീത പാരമ്പര്യത്തെയും താളക്രമങ്ങളെയും ഓർമ്മിപ്പിക്കുന്നതാണ് ഈ വർഷത്തെ സംഗീതോത്സവം. ഒക്ടോബർ, നവംബർ മാസങ്ങളിലായി നടക്കുന്ന മാമാങ്കത്തിൽ ദാർ അൽ റിഫ അൽ സാഗിറ, ശബാബ് അൽ ഹിദ്ദ് ബാൻഡ്, ദാർ അൽ റിഫ അൽ ഊദ, ദാർ ബിൻ ഹർബാൻ ബാൻഡ്, ദാർ ശബാബ് അൽ റിഫ ബാൻഡ്, ഇസ്മായിൽ ദവാസ് ബാൻഡ്, ദാർ അൽ ബുദയ്യ അൽ ജനൂബിയ തുടങ്ങിയ പ്രമുഖ സംഘങ്ങളും അണിനിരക്കും.
ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള കലാകാരന്മാരെ പങ്കെടുപ്പിച്ച് പരമ്പരാഗതവും സമകാലികവുമായ വൈവിധ്യമാർന്ന സംഗീതധാരകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. പരിപാടികളുടെ വിശദവിവരങ്ങൾക്കും സമയക്രമത്തിനും ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസിന്റെ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.