മാക്സ് വെർസ്റ്റാപ്പൻ

മലേഷ്യയിൽ മഴയെ തോൽപ്പിച്ച ആവേശം; ബഹ്റൈൻ ഗ്രാന്റ് പ്രീയിൽ മാക്സ് വെർസ്റ്റാപ്പന് കിരീടം

മനാമ: മഴ മൂലം വൈകിത്തുടങ്ങിയ ആവേശപ്പോരാട്ടത്തിൽ ഒറാക്കിൾ റെഡ് ബുൾ റേസിംഗിന്റെ മാക്സ് വെർസ്റ്റാപ്പന് ഫോർമുലാ വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാന്റ് പ്രീയിൽ ഗംഭീര വിജയം. തുടക്കത്തിൽ പെയ്ത ശക്തമായ മഴയെത്തുടർന്ന് മത്സരം അല്പം വൈകിയാണ് ആരംഭിച്ചതെങ്കിലും, ട്രാക്കിൽ മിന്നൽ പ്രകടനവുമായി വെർസ്റ്റാപ്പൻ വ്യക്തമായ ലീഡോടെ ഫിനിഷ് ലൈൻ തൊടുകയായിരുന്നു.

മെർസിഡീസ്-എഎംജി പെട്രോനാസിന്റെ കിമി ആന്റൊനെല്ലി രണ്ടാം സ്ഥാനവും സ്‌‌കൂഡെറിയ ഫെരാരി എച്ച്പിയുടെ സർ ലൂയിസ് ഹാമിൽട്ടൺ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതേസമയം കഴിഞ്ഞ വർഷത്തെ ജേതാവും ബഹ്റൈന്‍ മുംതലകാതിന്‍റെ ഉടമസ്ഥതയിലുള്ള മക്ലാരൻ ടീമിന്‍റെ ഡ്രൈവർ ഓസ്കാർ പിയസ്ട്രി ആറാം സ്ഥാനത്തും ലാൻഡോ നോറിസ് ഒമ്പതാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ഏപ്രിലിൽ ബഹ്റൈൻ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കേണ്ടിയിരുന്ന പോരാട്ടം മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിലേക്ക് മാറ്റുകയായിരുന്നു. വിജയിയായ വെർസ്റ്റാപ്പന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ട്രോഫി സമ്മാനിച്ചു.

മലേഷ്യയിൽ നടന്ന ബഹ്റൈൻ ഗ്രാൻഡ് പ്രീ സമ്മാനദാന ചടങ്ങിൽ ബഹ്റൈൻ കിരീടാവകാശിയും മലേഷ്യൻ പ്രസിഡന്‍റും

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, മലേഷ്യൻ രാജാവ് സുൽത്താൻ ഇബ്രാഹിം എന്നിവരുടെ പിന്തുണയോടെയാണ് ഈ വർഷത്തെ മത്സരം മലേഷ്യയിൽ സംഘടിപ്പിച്ചത്. വിജയികൾക്കും പങ്കെടുത്ത മുഴുവൻ ടീമുകൾക്കും പ്രിൻസ് സൽമാൻ അഭിനന്ദനങ്ങൾ നേർന്നു.

ആഗോള കായിക രംഗത്ത് ബഹ്റൈന്റെ മുൻനിര സ്ഥാനം ഉറപ്പിക്കുന്നതിനും മോട്ടോർ സ്‌പോർട്‌സ് രംഗത്തെ രാജ്യത്തിന്റെ സംഘാടന മികവ് വ്യക്തമാക്കുന്നതിനും ഇത്തരം അന്താരാഷ്ട്ര മത്സരങ്ങൾ സഹായിക്കുമെന്ന് കിരീടാവകാശി പറഞ്ഞു. മലേഷ്യൻ സർക്കാരിനും പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിനും അദ്ദേഹം പ്രത്യേക നന്ദി അറിയിച്ചു. പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്ത് വിദേശമണ്ണിൽ ഇത്തരമൊരു വൻകിട കായിക മാമാങ്കം വിജയകരമായി സംഘടിപ്പിച്ചത് ബഹ്റൈന്റെ കാര്യക്ഷമതയും സംഘാടന ശേഷിയുമാണ് ലോകത്തിന് മുന്നിൽ തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Max Verstappen Wins Bahrain Grand Prix Amid Rain-Hit Race in Malaysia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.