കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ റഷ്യൻ
വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി കൂടിക്കാഴ്ച നടത്തുന്നു
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി ഗുദൈബിയ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ-റഷ്യ ബന്ധത്തിന്റെയും പരസ്പര താൽപര്യമുള്ള മേഖലകളിലെ സഹകരണത്തിന്റെയും പുരോഗതി അദ്ദേഹം എടുത്തുപറഞ്ഞു. യുക്രെയ്നിലെ സംഭവ വികാസങ്ങൾ ഉൾപ്പെടെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ദുരിതാശ്വാസ പ്രവർത്തനത്തിനും മേഖലയിൽ ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിനും സംഘർഷത്തിന് സമാധാനപരമായ പരിഹാരം വേണമെന്ന് കിരീടാവകാശി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി നയതന്ത്ര പരിഹാരങ്ങളുടെയും സംഭാഷണങ്ങളുടെയും പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. കിരീടാവകാശിയുമായി കൂടിക്കാഴ്ചക്ക് അവസരം ലഭിച്ചതിനും ഊഷ്മളമായ സ്വീകരണത്തിനും ലാവ്റോവ് നന്ദി പറഞ്ഞു.
ബഹ്റൈന്‍ കൂടുതൽ പുരോഗതിയും വികസനവും അദ്ദേഹം ആശംസിക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക് ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ധനകാര്യ- ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.