മനാമ: മനോസംഘർഷം കുറക്കാനും ഉല്ലാസം പ്രദാനം ചെയ്യാനുമെന്ന പേരിൽ വിപണിയിലെത്തുന്ന ‘സ്പിന്നർ’ പോലുള്ള കളിപ്പാട്ടങ്ങളുടെ സുരക്ഷാപരിശോധന നിർബന്ധമാക്കണമെന്ന് അധികൃതർ. ഇവ വിപണിയിൽ എത്തും മുമ്പ് തന്നെ ഇത്തരം പരിശോധനകൾ പൂർത്തിയാക്കണമെന്നാണ് നിർദേശം. ബഹ്റൈനിൽ വലിയ പ്രചാരം നേടിയ ‘സ്പിന്നർ’ ഉൾപ്പെടെയുള്ള ചില ഉൽപ്പന്നങ്ങളെ കഴിഞ്ഞ ദിവസം വ്യവസായ, വാണിജ്യ,ടൂറിസം മന്ത്രാലയം ‘കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ’ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.
മന്ത്രാലയത്തിെൻറ ‘സ്റ്റാൻറഡൈസേഷൻ ആൻറ് മെറ്റീറോളജി വിഭാഗം’ നിഷ്കർഷിച്ച മാനദണ്ഡങ്ങളുടെ കടമ്പ കടക്കാത്ത ഉൽപന്നങ്ങൾക്കെതിരെ എന്ത് നടപടിയാണുണ്ടാവുക എന്ന കാര്യം വ്യക്തമല്ല. പുതിയ തീരുമാനപ്രകാരം ഇത്തരം കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യുന്നവർ ഇതുപയോഗിച്ചുള്ള കളികളുടെ സുരക്ഷാകാര്യങ്ങളിൽ ഉത്തരവാദിത്തമുള്ളവരായിരിക്കുമെന്ന് ‘സ്റ്റാൻറഡൈസേഷൻ ആൻറ് മെറ്റീറോളജി വിഭാഗം’ മേധാവി മോന അൽഅലവി വ്യക്തമാക്കി.
ഇത്തരം സാധനങ്ങൾ നിർമിക്കുന്നവർ എന്ത് പേരിടുന്നു എന്നത് വിഷയമല്ലെന്നും കൂടുതലും കുട്ടികൾ ഉപയോഗിക്കുന്നതിനാൽ ‘സ്പിന്നർ’ പോലുള്ളവ കളിപ്പാട്ടമായാണ് മന്ത്രാലയം കാണുന്നതെന്നും അവർ പറഞ്ഞു.അതിനാൽ, കുട്ടികളുടെ കളികളുമായി ബന്ധപ്പെട്ട നിർദേശങ്ങളും നിയന്ത്രണങ്ങളുമാണ് ഇതിനും ബാധകമാവുക. സ്പിന്നർ പോലുള്ള അഴിച്ചുമാറ്റാവുന്ന സാധനങ്ങൾ ചെറിയ കുട്ടികൾക്ക് അപകടമുണ്ടാക്കാനും സാധ്യതയുണ്ട്. ഇത്തരം കളിപ്പാട്ടങ്ങളിലെ ചെറിയ ഭാഗങ്ങൾ അടർത്തിയെടുത്ത് കുട്ടികൾ വിഴുങ്ങിയാൽ അത് അപകടം ക്ഷണിച്ച് വരുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.