മനാമ: തൊഴിൽ തേടുന്നവർ വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ബഹ്റൈൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിലവിലില്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ തൊഴിൽ, പരിശീലന അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലും, വെർച്വൽ ജോബ് ഫെയറുകളിലുമാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായി കാണുന്നത്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങളോ തെളിവുകളോ ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണം. തട്ടിപ്പിനിരയായവരും, ഇതേക്കുറിച്ച് അറിയുന്നവരും വിവരങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ കൈമാറണം. ഇത് തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സഹായിക്കും.
ബഹ്റൈനിലെ തൊഴിൽ വിപണി സുരക്ഷിതമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രാലയം അഭ്യർഥിച്ചു. വർക്ക് ഫ്രം ഹോം ജോലികൾ ഉൾപ്പെടെയുള്ള സങ്കീർണ്ണമായ തട്ടിപ്പുകൾ പൗരന്മാരെ ചൂഷണം ചെയ്യുന്നതായും ക്രിമിനൽ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതായും പാർലമെന്റ് സേവന കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവി പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങൾ നൽകി ആളുകളെ ചൂഷണം ചെയ്യുന്ന പ്രവണത വർധിച്ചു വരുന്നതായി പാർലമെന്റിലും ആശങ്ക ഉയർന്നിട്ടുണ്ട്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, തൊഴിൽ അന്വേഷകർക്ക് ബോധവത്കരണം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. തട്ടിപ്പുകളെക്കുറിച്ച് വിവരം നൽകാൻ 80008001 എന്ന നമ്പറിലോ molcomplaint@mol.gov.bh എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.