ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പി.എം.എ ഗഫൂര്‍ സംസാരിക്കുന്നു

അശരണരുടെ പ്രാർഥനകളില്‍ കെ.എം.സി.സിയുടെ മുഖം -പി.എം.എ ഗഫൂര്‍

മനാമ: നിസ്സഹായരും അശരണരുമായ ഒട്ടനവധി മനുഷ്യര്‍ക്ക് ആശ്വാസം നല്‍കിയതിന്റെ പേരില്‍ അവരുടെ പ്രാർഥനകളില്‍ ഓര്‍മിക്കപ്പെടുന്ന മുഖമാണ് കെ.എം.സി.സിയുടേതെന്ന് പ്രമുഖ വാഗ്മിയും മോട്ടിവേറ്ററുമായ പി.എം.എ ഗഫൂര്‍ പറഞ്ഞു. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമായി 'നിലപാട്' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളികള്‍ രൂപപ്പെടുത്തിയ ഏറ്റവും നല്ല ആശയങ്ങളിലൊന്നാണ് കെ.എം.സി.സി. കോവിഡ് മഹാമാരിക്കാലത്ത് ആശങ്കപ്പെട്ടവര്‍ക്ക് അഭയമായി മാറി ആശ്വാസം ചൊരിഞ്ഞ പ്രസ്ഥാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. തര്‍ക്കങ്ങള്‍ ശത്രുതയുടെ ഇടങ്ങള്‍ വലുതാക്കി യോജിപ്പിന്റെ സാധ്യതകളെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂ. ആത്യന്തികമായി കാരുണ്യത്തിന്റെ വാഹകരായി മാറുക എന്നതുതന്നെയാണ് സാമൂഹികപ്രവര്‍ത്തകരുടെ കടമയെന്നും പി.എം.എ ഗഫൂര്‍ പറഞ്ഞു.

പണ്ടത്തെ പ്രവാസത്തില്‍നിന്നും ഇപ്പോള്‍ ഒരുപാട് മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ട് പ്രവാസികളുടെ മുറികളില്‍ ഭയങ്കര സന്തോഷമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഒരു മുറിയില്‍ നാലുപേരുണ്ടെങ്കിലും അവര്‍ ഒറ്റപ്പെട്ട ലോകത്താണ്. കേള്‍ക്കാന്‍ ആളുണ്ടാവുകയെന്നത് നല്ലൊരു തെറപ്പിയും ചികിത്സയുമാണെന്ന് പ്രവാസികള്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനാമ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന സംഗമം ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.കെ.സി മുനീര്‍ അധ്യക്ഷത വഹിച്ചു. പി.എം.എ ഗഫൂറിനെ വി.എച്ച് അബ്ദുല്ല ഷാള്‍ അണിയിച്ച് ആദരിച്ചു. കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ പ്രസിഡന്‍റ് എസ്.വി ജലീല്‍, വൈസ് പ്രസിഡന്‍റ് ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര എന്നിവര്‍ സംസാരിച്ചു.

ഓര്‍ഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ എ.പി ഫൈസല്‍, കെ.യു. ലത്തീഫ്, ഉസ്മാന്‍ ടിപ്ടോപ്, സലിം തളങ്കര, ഒ.കെ. കാസിം, നിസാര്‍ ഉസ്മാന്‍, ഷെരീഫ് വില്യാപള്ളി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    
News Summary - The face of KMCC in the prayers of the destitute - PMA Ghafoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.