എബ്രഹാം ജോൺ (ഇന്ത്യൻ സ്കൂൾ മുൻ ഭരണസമിതി ചെയർമാൻ (2008-2014) )
കഴിഞ്ഞ ദിവസം ഗൾഫ് മാധ്യമത്തിൽ ആറ് വയസ്സുകാരനായ ഒരു കുട്ടിക്ക് വിദ്യാഭ്യാസം നൽകാൻ രക്ഷിതാക്കൾക്ക് കഴിയുന്നില്ല എന്നതരത്തിൽ ഒരു വാർത്ത കാണാനിടയായി. ആ കുട്ടിയെ ഇന്ത്യൻ സ്കൂൾ ഭരണ നിർവഹണസമിതി അനുഭാവപൂർവവും വളരെ പ്രാധാന്യത്തോടെ കൂടിയും പരിഗണിക്കണം. കുട്ടിയെ സ്കൂളിൽ ചേർക്കാനുള്ള ക്രമീകരണം എത്രയും വേഗം സ്കൂൾ അധികൃതർ ചെയ്യാൻ ശ്രമിക്കുകയാണ് വേണ്ടത്. സി.ബി.എസ്.ഇയുടെ നിർദേശ പ്രകാരം രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് നേരിട്ട് പ്രവേശനം ലഭ്യമാക്കുന്നതിന് വലിയ ബുദ്ധിമുട്ടുകളുണ്ടായിരിക്കില്ല എന്നാണ് എന്റെ അറിവ്.
പ്രവേശനം ലഭിക്കുന്നതിനുവേണ്ടിയുള്ള എല്ലാ രേഖകളുമായി ആ കുട്ടിയുടെ രക്ഷിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കണം. ഭരണസമിതി അംഗങ്ങൾക്ക് പരിഹരിക്കാൻ കഴിയുന്ന ഒരു ന്യായമായ കാര്യമാണിത്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര കുട്ടികൾക്ക് ഫീസിളവ് നൽകിയിട്ടുണ്ട്, ആ കൂട്ടത്തിൽ ഈ കുട്ടിയെകൂടി ഉൾപ്പെടുത്താൻ സാധിക്കില്ലേ?.
ഭരണസമിതിയിലെ ഏതെങ്കിലും ഒരു അംഗം വെള്ളിയാഴ്ചയോ അവധി ദിവസങ്ങൾക്കോ പകരം സ്കൂളിൽ ക്ലാസുകൾ തുടങ്ങുന്നതിനുമുമ്പോ ക്ലാസുകൾ അവസാനിച്ച ശേഷമോ കുറച്ച് സമയം ചെലവഴിച്ചാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ വളരെ നിസ്സാരമായി കൈകാര്യം ചെയ്യാൻ കഴിയും. മുൻകാലങ്ങളിൽ സ്കൂളിൽ പ്രവേശനം ലഭിച്ചത് രക്ഷിതാക്കൾ നേരിട്ട് വന്ന് അപേക്ഷ സമർപ്പിക്കുന്ന പ്രകാരമയിരുന്നു. സമിതി അംഗങ്ങളെ സ്കൂളിൽ വന്ന് കണ്ട് ആവശ്യം ബോധിപ്പിക്കുകയും അത് പ്രകാരം കുട്ടികളെ സ്കൂളിലേക്ക് വിളിപ്പിച്ച് സി.ബി.എസ്.ഇയുടെയും ബഹ്റൈനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും നിബന്ധനപ്രകാരം അഡ്മിഷൻ നൽകുകയായിരുന്നു ചെയ്തത്.
ഇത് തുടർന്നാൽ സാമ്പത്തികമായി ക്ലേശിക്കുന്നവരുടെ കുട്ടികളെ കണ്ടെത്തി അനുയോജ്യരായവർക്ക് പ്രവേശനം ലഭ്യമാക്കുകയും ചെയ്യാം. ഓൺലൈൻ വഴി മാത്രം അഡ്മിഷന് ശ്രമിക്കുമ്പോൾ ഇത്തരത്തിലുള്ള കുടുംബങ്ങളെ കണ്ടെത്താൻ സാധിക്കില്ല. ഓൺലൈനിൽ അഡ്മിഷന് അപേക്ഷ നൽകിയിട്ടുള്ള കുട്ടികളിൽ എത്ര പേർക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടെന്നുള്ള വിലയിരുത്തൽകൂടി സ്കൂൾ അധികൃതർ നടത്തേണ്ടതാണ്. ബഹ്റൈനിൽ പ്രവർത്തിക്കുന്ന സാമൂഹിക സാംസ്കാരിക മത രാഷ്ട്രീയ പ്രാദേശിക സംഘടനകൾക്ക് ഈ കാര്യത്തിൽ കൂടുതൽ സഹായം നൽകുവാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.