സ്വദേശി വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ‘തകാമുൽ’ പ്രോഗ്രാം

മനാമ: സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വ്യവസായ രംഗത്ത് ‘തകാമുൽ’ ലോക്കൽ വാല്യു പ്രോഗ്രാം നടപ്പാക്കും. ഹാർബർ ഗേറ്റിലെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്​ദുല്ല ആദിൽ ഫഖ്​റു വാണ് ഇക്കാര്യം അറിയിച്ചത്.

ബഹ്‌റൈൻ ചേംബർ ചെയർമാൻ സമീർ നാസ് സന്നിഹിതനായിരുന്നു. കയറ്റുമതി വർധിപ്പിക്കുക, പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങൾക്കനുഗുണമായാണ് പദ്ധതി നടപ്പാക്കുക.

ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്തുക, നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷം ഉറപ്പുവരുത്തുക, സ്വദേശികളുടെ ജോലി സാധ്യത വർധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങൾ പുതിയ വ്യവസായ നയത്തിനുണ്ട്. സ്വദേശി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ അവരുടെ സംഭാവന വർധിപ്പിക്കുന്നതിനും ‘തകാമുൽ’ ഗുണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. നിർദിഷ്‌ട മാനദണ്ഡങ്ങളും ശതമാനവും പാലിക്കുന്ന വ്യവസായങ്ങൾക്ക് സർക്കാർ കരാർ ലേലങ്ങളിൽ 10 ശതമാനം മുൻഗണന നൽകുന്ന സർട്ടിഫിക്കറ്റ് അനുവദിക്കും.

സർട്ടിഫിക്കറ്റ് ഇല്ലാത്ത കമ്പനികളേക്കാൾ കരാർ നേടാനുള്ള സാധ്യത അവർക്ക് ലഭിക്കും. പ്രാദേശികമായ വ്യവസായങ്ങളെ ഉത്തേജിപ്പിക്കാനും വിദേശനിക്ഷേപം ആകർഷിക്കാനും തകാമുൾ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. ബഹ്‌റൈനിലെ വ്യവസായ മേഖലയ്ക്ക് ജി.ഡി.പിയിലെ സംഭാവന വർധിപ്പിക്കുന്നതിന് അധിക മൂല്യ സർട്ടിഫിക്കറ്റ് പ്രോത്സാഹനകരമാണെന്ന് ബഹ്‌റൈൻ ചേംബർ ചെയർമാൻ സമീർ നാസ് ചൂണ്ടിക്കാട്ടി. സംരംഭം പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം ബഹ്‌റൈൻ കമ്പനികളുടെ ബിസിനസ് അവസരങ്ങൾ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - 'Takamul' program to encourage indigenous industries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.