മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ
പ്രവർത്തനോദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുന്ന കെ.എം. ഷാജി
മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഇന്ത്യൻ മുസൽമാന്റെ ചോരയുടെ മണമാണ് ഇന്ത്യയുടെ മണ്ണിനെന്ന് കെ.എം. ഷാജി. ഇന്ത്യയിലെ മുസ്ലിങ്ങളോട് പാകിസ്താനിൽ പോകാനുള്ള പി.സി. ജോർജിന്റെ വിവാദപ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷുകാരെ പേടിച്ചു മുട്ടുവിറച്ച ചരിത്രമാണ് പി.സി. ജോർജിന്റെ പാർട്ടിക്ക് അവകാശപ്പെടാനുണ്ടാവുകയെന്നും കെ.എം. ഷാജി പരിഹസിച്ചു. ഇന്ത്യയുടെ ഒരു ഭാഗത്തുനിന്ന് വർഗീയ വിധ്വംസക വാക്കുകൾ വിളിച്ചുപറയുന്നത് മോഹൻ ഭാഗവതാണെങ്കിൽ മറ്റൊരു ഭാഗത്തുനിന്ന് ഇതേ വാക്കുകൾ പി.സി. ജോർജുമാരും സി.പി.എം എന്ന പാർട്ടിയിലെ മോഹനൻമാരുമാണ്. ആർ.എസ്.എസിന്റെ പ്രസംഗ ട്രാൻസലേറ്റർമാരാണ് കേരളത്തിലെ സി.പി.എം എന്നും അദ്ദേഹം പറഞ്ഞു.
മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കെ.എം.സി.സി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ അടുത്ത മൂന്നു വർഷത്തേക്കുള്ള കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി കുറ്റ്യാടി മണ്ഡലം സെക്രട്ടറി നൗഷാദ് തീക്കുനിയുടെ ഖിറാഅത്ത് ഓടുകൂടി തുടങ്ങിയ പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കാസിം കോട്ടപ്പള്ളി അധ്യക്ഷതവഹിച്ചു. അടുത്ത മൂന്നു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ ലത്തീഫ് തോടന്നൂർ വിശദീകരിച്ചു. പരിപാടിയിൽ മുഖ്യാതിഥി കെ.എം. ഷാജി സാഹിബിനെ മണ്ഡലം ട്രഷറർ കുഞ്ഞമ്മദ് ചാലിൽ ഷാൾ അണിയിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം നജീബ് ക്ലിക്കോൺ, ജമാൽ കല്ലുംപുറം എന്നിവർ ചേർന്ന് കൈമാറി.
സംസ്ഥാന ഭാരവാഹികളായ മുസ്തഫ കെ.പി, എ.പി. ഫൈസൽ, ഫൈസൽ കോട്ടപ്പള്ളി, ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഗ്ലോബൽ കെ.എം.സി.സി സെക്രട്ടറിയായി ബഹ്റൈനിൽനിന്നും തെരഞ്ഞെടുത്ത അസൈനാർ കളത്തിങ്ങലിന് മണ്ഡലം ഭാരവാഹികളായ നിസാർ ആയഞ്ചേരി, റഫീഖ് തോടന്നൂർ, അഷ്റഫ് വി.പി തുടങ്ങിയവർ ചേർന്ന് ഉപഹാരം കൈമാറി. പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി നടന്ന കുട്ടികളുടെ ചിത്രരചനാ പ്രബന്ധ രചനാ കലാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പി.കെ. ഇസ്ഹാഖ്, എം.എം.എസ് ഇബ്രാഹിം, അഷ്റഫ് തോടന്നൂർ, മുഹമ്മദ് ഷാഫി വേളം, ശരീഫ് വില്യാപ്പള്ളി തുടങ്ങിയവർ സമ്മാനദാനം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി പി.എം.എ ഹമീദ് സ്വാഗതവും വൈസ് പ്രസിഡന്റ് സാജിദ് അരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.