മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്ക് സൗദി മന്ത്രി അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയെ സന്ദർശിക്കുന്നു
മനാമ: കൃഷിരീതികളെക്കുറിച്ചും പാരിസ്ഥിതിക സംരക്ഷണത്തെക്കുറിച്ചും പഠിക്കുന്നതിനായി മുനിസിപ്പാലിറ്റികാര്യ, കൃഷി മന്ത്രി വാഇൽ ബിൻ നാസർ അൽ മുബാറക്കിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സൗദി അറേബ്യ സന്ദർശിച്ചു. സൗദി പരിസ്ഥിതി, ജലം, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അബ്ദുൽ മുഹ്സിൻ അൽ ഫദ്‌ലിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കൃഷി, ലാൻഡ്സ്കേപ്പിങ്, സൗന്ദര്യവത്കരണ പദ്ധതികൾ, മാലിന്യ സംസ്കരണം, ജല ഉപയോഗം തുടങ്ങിയ മേഖലകളിലെ സഹകരണം ചർച്ച ചെയ്തു. കാർഷിക വികസനം, ഹരിത വിസ്തൃതി വിപുലീകരിക്കൽ, വനവത്കരണം, സൗന്ദര്യവത്കരണ പദ്ധതികൾ എന്നിവക്കായി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്ന ശ്രമങ്ങൾ പ്രതിനിധി സംഘം വിശദീകരിച്ചു.
2060ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവർത്തനങ്ങളും എടുത്തുപറഞ്ഞു. പൊതുവായ മേഖലകളിലെ സഹകരണവും ഏകോപനവും തുടരാനും ഭക്ഷ്യസുരക്ഷ, സസ്യജാലങ്ങളുടെ വികസനം, വനവത്കരണം, സൗന്ദര്യവത്കരണ ശ്രമങ്ങൾ എന്നിവയിൽ സംഭാവന നൽകാനും ഇരുകൂട്ടരും തീരുമാനിച്ചു. മുനിസിപ്പാലിറ്റികാര്യ അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ, മൃഗക്ഷേമ വകുപ്പ് അണ്ടർ സെക്രട്ടറിയും സമുദ്ര വിഭവ വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറിയുമായ ഡോ. ഖാലിദ് അഹമ്മദ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.