യൂനിറ്റി ബഹ്റൈൻ മെഡിക്കൽ ക്യാമ്പ്
മനാമ: ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക സംഘടനയായ യൂനിറ്റി ബഹ്റൈൻ, അൽ ഹിലാൽ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. ഡിസംബർ 16ന് നടന്ന ക്യാമ്പിൽ വിവിധ മേഖലകളിൽ നിന്നുള്ള നൂറ്റിമുപ്പതോളം പേർ പങ്കെടുത്തു. സമൂഹത്തിലെ ആരോഗ്യബോധവത്കരണത്തിന്റെയും ഇത്തരം പരിപാടികളുടെ അനിവാര്യതയുടെയും തെളിവായി ക്യാമ്പിലെ വലിയ ജനപങ്കാളിത്തം മാറി. യൂനിറ്റി പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് കൈതാരത്ത് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ടാതിഥിയായി മേജർ പ്രിൻസ് ജോസ് സന്നിഹിതനായിരുന്നു.
സെക്രട്ടറി രമ ബാലചന്ദ്രൻ, ചാരിറ്റി കൺവീനർ സുധീപ് രാഘവൻ, കൺവീനർമാരായ ജയൻ മേലത്ത്, രതീഷ് കല്ലാച്ചി, എന്റർടെയിൻമെന്റ് സെക്രട്ടറി സനോജ് ഭാസ്കരൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സമയബന്ധിതമായ പ്രവർത്തനവും എക്സിക്യൂട്ടീവ് അംഗങ്ങളുടെ ആത്മാർഥമായ സഹകരണവും മൂലം ക്യാമ്പ് വളരെ സുഗമമായും ഫലപ്രദമായും നടത്താൻ സാധിച്ചു. പങ്കെടുത്തവരിൽ നിന്നും മികച്ച പ്രതികരണമാണ് ക്യാമ്പിന് ലഭിച്ചത്.
യൂനിറ്റി നടത്തുന്ന സമൂഹസേവന പ്രവർത്തനങ്ങളുടെ ഗുണനിലവാരം തെളിയിക്കുന്നതായി ഈ മെഡിക്കൽ ക്യാമ്പ്. പരിപാടി വിജയകരമാക്കാൻ മുന്നിട്ടുനിന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ അനിൽ, സൗമ്യ, ഗായത്രി, സതീഷ്, സുരേഷ്, അനുഷ എന്നിവർക്കും ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും ഭരണസമിതി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.