അഹ്മദ് അലി പുറത്തുവിട്ട ബഹ്റൈന്റെ പഴയ കാല ഭൂപട ദൃശ്യം
മനാമ: ബഹ്റൈന്റെ ചരിത്രവും ഭൂപ്രകൃതിയും ആധുനിക കാലഘട്ടവുമായി താരതമ്യം ചെയ്യാൻ സഹായിക്കുന്ന അപൂർവമായ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ‘മാപ്പ് ബിഎച്ച്’ എന്ന വെബ്സൈറ്റിലൂടെയാണ് ബഹ്റൈൻ സ്വദേശിയായ സോഫ്റ്റ്വെയർ ഡെവലപ്പർ അഹമ്മദ് അലി ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 1965ൽ അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ പകർത്തിയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ബഹ്റൈന്റെ ചരിത്രത്തിലെതന്നെ ലഭ്യമായ ഏറ്റവും പഴയ ഉപഗ്രഹ ചിത്രമാണിതെന്ന് കരുതപ്പെടുന്നു. മുഹറഖ്, സിത്ര, ഉമ്മുൽ നസാൻ തുടങ്ങിയ ദ്വീപുകളുടെ അന്നത്തെ ഹരിതാഭമായ കാഴ്ചയും പ്രകൃതിദത്തമായ തീരപ്രദേശങ്ങളും ഈ ചിത്രങ്ങളിൽ വ്യക്തമാണ്. പഴയ ഭൂപടങ്ങളെയും ഉപഗ്രഹ ചിത്രങ്ങളെയും ഇന്നത്തെ ഗൂഗ്ൾ മാപ്പുമായി സൈഡ്-ടു-സൈഡ് ആയി താരതമ്യം ചെയ്യാനോ ഒന്നിനു മുകളിൽ ഒന്നായിവെച്ച് മാറ്റങ്ങൾ മനസ്സിലാക്കാനോ ഈ വെബ്സൈറ്റിലൂടെ സാധിക്കും.
കടൽ നികത്തലിന് മുമ്പുള്ള ബഹ്റൈന്റെ യഥാർഥ തീരപ്രദേശം, ഈന്തപ്പന തോട്ടങ്ങൾ, പ്രകൃതിദത്ത നീരുറവകൾ എന്നിവ ഈ ചിത്രങ്ങളിൽ കാണാം. ഹമദ് ടൗൺ നിൽക്കുന്ന സ്ഥലത്ത് പണ്ട് നിലനിന്നിരുന്ന പുരാതന ഖബറിടങ്ങളും ഇതിൽ ദൃശ്യമാണ്. 1963നും 1980നും ഇടയിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഉപയോഗിച്ചിരുന്ന കീഹോൾ ഉപഗ്രഹങ്ങൾ പകർത്തിയ പതിനായിരക്കണക്കിന് ചിത്രങ്ങളിൽനിന്നാണ് ബഹ്റൈന്റെ ഭാഗങ്ങൾ അലി വേർതിരിച്ചെടുത്തത്.
പുതിയ തലമുറക്ക് തങ്ങളുടെ രാജ്യം പണ്ട് എങ്ങനെയായിരുന്നെന്ന് കാട്ടിക്കൊടുക്കുക എന്നതാണ് ഈ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യം. 1154 മുതൽ 2030 വരെയുള്ള ബഹ്റൈന്റെ വിവിധ ഭൂപടങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ്. വരുംദിവസങ്ങളിൽ പൊതുജനങ്ങൾക്ക് തങ്ങളുടെ ഓർമകളും ചിത്രങ്ങളും ഭൂപടത്തിൽ ടാഗ് ചെയ്യാനുള്ള ‘പീപ്ൾസ് മാപ് ബിഎച്ച്’ എന്ന ഫീച്ചറും സൈറ്റിൽ ഉൾപ്പെടുത്തുമെന്ന് അഹമ്മദ് അലി അറിയിച്ചു. ബഹ്റൈന്റെ ചരിത്രത്തിൽ താൽപര്യമുള്ളവർക്ക് www.mapbh.org/en എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.