മനാമ: ലോകത്തെ സർവകലാശാലകളെ വിലയിരുത്തുന്ന പ്രശസ്തമായ ക്യു.എസ് റാങ്കിങ്ങിൽ 2025ലേക്കുള്ള റാങ്കിങ്ങിലും അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റിക്ക് മികച്ച സ്ഥാനം. അറബ് റീജ്യൻ യൂനിവേഴ്സിറ്റി റാങ്കിങ്ങിലും അപ്ലൈഡ് സയൻസ് യൂനിവേഴ്സിറ്റി പദവി നിലനിർത്തി. അറബ് റീജ്യനിൽ 2019ൽ 45ാം സ്ഥാനത്തായിരുന്ന സർവകലാശാല 2025 റാങ്കിങ്ങിൽ 25ാം സ്ഥാനത്തേക്ക് ഉയർന്നു.
ബഹ്റൈനിലെ പ്രമുഖ സ്വകാര്യ സർവകലാശാലയെന്ന നിലയിലും മേഖലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിലും യൂനിവേഴ്സിറ്റി വളർന്നുകൊണ്ടിരിക്കുകയാണ്. ഈ നേട്ടം സർവകലാശാലയുടെ അക്കാദമിക് മികവിന്റെയും പ്രാദേശിക, അന്തർദേശീയ ഘട്ടങ്ങളിൽ വർധിച്ചുവരുന്ന സ്വാധീനത്തിന്റെയും പ്രതിഫലനമാണ്.
അക്കാദമിക് നിലവാരം ഉയർത്തുന്നതിനും പൊതു-സ്വകാര്യ മേഖലകളിലെ ആവശ്യങ്ങൾ നിറവേറ്റുന്ന ബിരുദധാരികളെ ഉൽപാദിപ്പിക്കുന്നതിനുമുള്ള സർവകലാശാലയുടെ പരിശ്രമങ്ങൾക്ക് യൂനിവേഴ്സിറ്റി പ്രസിഡന്റ് പ്രഫ. ഹാതിം മസ്റിയെയും സർവകലാശാലയിലെ എല്ലാ അംഗങ്ങളെയും ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ പ്രഫ. വഹീബ് അൽഖാജ അഭിനന്ദിച്ചു.
സർവകലാശാലക്ക് എല്ലാവിധ പിന്തുണയും നൽകുന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സമീർ നാസ്, പ്രഫ. വഹീബ് അൽ-ഖാജ, ബോർഡ് അംഗങ്ങൾ എന്നിവർക്ക് പ്രഫ. ഹാതിം മസ്രി നന്ദി അറിയിച്ചു. പ്രാദേശികവും ആഗോളവുമായ തലത്തിലുള്ള പങ്കാളികളുമായുള്ള സഹകരിച്ചുള്ള ശ്രമങ്ങളുടെയും തൊഴിൽ വിപണികളുടെ ആവശ്യങ്ങൾക്കിണങ്ങുന്ന കോഴ്സുകൾ ഒരുക്കുന്നതിന്റെയും ഫലമാണ് സർവകലാശാലയുടെ മികച്ച റാങ്കിങ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈനിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ സുപ്രീം കൗൺസിൽ ഫോർ എജുക്കേഷൻ ആൻഡ് ട്രെയിനിങ്, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ എന്നിവ നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു. അഡ്മിനിസ്ട്രേഷൻ, ഫിനാൻസ്, കമ്യൂണിറ്റി എൻഗേജ്മെന്റ് വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് യൂസഫും സർവകലാശാലയുടെ മികച്ച റാങ്കിങ്ങിൽ അഭിമാനം പങ്കുവെച്ചു.
ആഗോളതലത്തിലെ മികച്ച മൂന്ന് സർവകലാശാല റാങ്കിങ്ങുകളിലൊന്നാണ് ക്യു.എസ് റാങ്കിങ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സർവകലാശാലകളെ വിലയിരുത്തിയാണ് റാങ്ക് നൽകുന്നത്. മികച്ച അക്കാദമിക് നിലവാരത്തിന്റെയും സ്ഥാപന പുരോഗതിയുടെയും പ്രതീകമായാണ് റാങ്കിങ് കണക്കാക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.