വെന്തുരുകുന്ന പ്രവാസവും, ജീവിതവും

ആഗോളതാപനം ക്രമം തെറ്റുന്ന ആധുനിക കാലഘടത്തിൽ ഉഷ്ണം എന്നത് വെറുമൊരു വ്യതിയാനമല്ല. മറിച്ച് നമ്മെ ചിന്തിപ്പിക്കുന്ന വലിയൊരു മുന്നറിയിപ്പ് കൂടിയാണ്. ചൂടിൽ പ്രകൃതി തളർന്നുറങ്ങുന്ന കാലമാണ് ഉഷ്ണം. മുൻകാലങ്ങളില്ലാത്ത വിധം കഠിനമായ ചൂടാണ് ഓരോ വർഷവും പിന്നിടുമ്പോഴും അനുഭവപ്പെടുന്നത്.

പ്രവാസമെന്നത് മരുഭൂമിയിലെ പൊള്ളുന്ന ചൂടിനെ അതിജീവിക്കുക എന്നത് മാത്രമല്ല. മറിച്ച് കുടുംബത്തിന് തണലേകാൻ സ്വന്തം സുഖസൗകര്യങ്ങൾ ത്യജിക്കുക എന്ന ത്യാഗവും കൂടിയാണ്. ചൂടിൻ്റെ ആഗമനം ആവുന്നതോട് കൂടി ഗൾഫിലെ പ്രവാസജീവിതം കൂടുതൽ കഠിനമായി മാറുന്നു. പരോക്ഷമായി അനുഭവപ്പെടുന്ന ചൂടും പ്രത്യക്ഷത്തിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉത്തരവാദിത്തങ്ങളും അനുഭവിക്കേണ്ടി വരുന്ന ചൂടിൻ്റെ കാഠിന്യം പതിന്മടങ്ങായി വർദ്ധിപ്പിക്കുന്നു. 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് ചൂടിനെ നേരിട്ടു കൊണ്ടാണ് ആയിരകണക്കിന് പ്രവാസികൾ അതിജീവനം സാധ്യമാക്കുന്നത്.

പെട്രോൾ പമ്പ്, കെട്ടിട നിർമ്മാണം, റോഡുകളിലെ മരാമത്ത്, ഭക്ഷണ വിതരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് കത്തുന്ന അഗ്നിശരങ്ങളെ നേരിട്ട് അനുഭവിക്കേണ്ടി വരുന്നത്. നിയമപരമായ ഉച്ചവിശ്രമം കുറച്ചെങ്കിലും ആശ്വാസമേകുമെങ്കിലും ബാക്കി സമയങ്ങളിൽ അനുഭവപ്പെടേണ്ടിവരുന്ന കഠിനമായ ചൂടും അസഹനീയമായ ഈർപ്പവും ശരീരത്തെ പൂർണ്ണമായും തളർത്തുന്നു. നിർജലീകരണം, സൂര്യാഘാതം, ചർമ്മരോഗങ്ങൾ എന്നിവ ഈ ഒരു കാലാവസ്ഥയിലെ പതിവുകാഴ്ചകളാണ്.

പുറമെയുള്ള ചൂടിനെ അതിജയിക്കാൻ എസിയെ ആശ്രയിക്കുമ്പോഴും താങ്ങാനാവാത്ത ഇലക്ട്രിസിറ്റി ബിൽ മറ്റൊരു രീതിയിൽ ചൂടായി അനുഭവപ്പെടുന്നു. കുത്തനെ ഉയർക്കുന്ന വൈദ്യുതി ചിലവ് പ്രവാസികളുടെ വരവിലും ചിലവിലും സാമ്പത്തിക അധികപറ്റായി അനുഭവപ്പെടുന്നു. തുച്ഛമായി ലഭ്യമാവുന്ന സ്ഥിര ശമ്പളത്തിൽ നിന്നും വലിയൊരു ഭാഗം വൈദ്യുതി ബില്ലിനായി മാറ്റിവെക്കേണ്ടി വരുന്നത് ശരാശരി ഒരു പ്രവാസിയുടെ ജീവിത താളം തന്നെ തെറ്റിക്കുകയാണ്.

വേനൽ കാലത്തെ ഈ ദുരിതങ്ങൾക്ക് അല്പം ശമനം തേടി നാട്ടിലേക്ക് പോവാം എന്ന് കരുതിയാൽ അവിടെയും പ്രവാസികൾ വലിയ വെല്ലുവിളികൾ നേരിടേണ്ടി വരികയൊണ്. സ്‌കൂൾ അവധികാലവും, വേനൽ ചൂടും ഒരുമിച്ചെത്തുമ്പോൾ വിമാന കമ്പനികൾ ഈടാക്കുന്ന അമിതമായ യാത്രാനിരക്ക് സാധാരണക്കാരായ പ്രവാസികളുടെ ആഗ്രഹത്തിൻമേൽ കരിനിഴൽ വീഴ്ത്തുകയാണ്. ഇതിനു പുറമെ മുൻകൂട്ടി അറിയിപ്പില്ലാതെ വിമാനങ്ങൾ വൈകുന്നതും, ക്യാൻസൽ ചെയ്യുന്നതും ഇതിനിടയിൽ പ്രവാസികൾ നേരിടുന്ന മറ്റൊരു പരീക്ഷണമാണ്.

താമസിക്കുന്നിടങ്ങളിലെ ശീതീകരണം മനസ്സിന് കുളിർമ ചൊരിയുമ്പോഴും ഒരു പ്രവാസിയുടെയും മനസ്സിനുള്ളിലെ ആതിയുടെ ചൂടിന് ശമനമാവുന്നില്ല. കുടുംബത്തിൻ്റെ ഭാവിയും, നേരിട്ടുകൊണ്ടിരിക്കുന്ന കടബാധ്യതകളും, ദിനേനെ കൂടികൊണ്ടിരിക്കുന്ന ദൈനംദിന ചിലവുകളും അവനെ സദാ അലട്ടികൊണ്ടിരിക്കുന്നു. ഓരോ പ്രവാസിയും നേരിട്ടുകൊണ്ടിരിക്കുന്ന ഇത്തരം പരീക്ഷണങ്ങളെ അതിജയിക്കുമ്പോഴാണ് അവനെ ആശയിക്കുന്ന ഓരോ കുടുംബങ്ങളും ജീവിതം എന്ന പരീക്ഷണത്തെ അതിജീവിക്കുന്നത്.

Tags:    
News Summary - pravasam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.