മനാമ: തൊഴിൽ വാഗ്ദ്ധാനം ചെയ്ത് ബഹ്‌റൈനിൽ എത്തിച്ച് രണ്ട് പാകിസ്താൻ യുവതികളെ മനുഷ്യക്കടത്തിന് ഇരയാക്കുകയും പെൺവാണിഭം നടത്തുകയും ചെയ്ത എട്ട് പ്രവാസികൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. ഫാഷൻ മോഡലിംഗ്, സലൂൺ ജോലി എന്നിവ വാഗ്ദ്ധാനം ചെയ്താണ് പ്രതികൾ യുവതികളെ വലയിലാക്കിയത്. എന്നാൽ ബഹ്‌റൈനിൽ എത്തിയതിന് ശേഷം ക്രൂരമായ പീഡനത്തിനും തടങ്കിലാക്കലിനും ഇവർ ഇരയാക്കപ്പെടുകയായിരുന്നു.
യുവതികളിൽ ഒരാൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയും പോലീസെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രധാന പ്രതിക്ക് 10 വർഷത്തെ തടവാണ് കോടതി വിധിച്ചത്. പെൺവാണിഭ കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ആറ് പ്രതികൾക്ക് അഞ്ച് വർഷം തടവും 2,000 ബഹ്‌റൈൻ ദീനാർ പിഴയും ചുമത്തി. കൂടാതെ ഇരകളെ പാകിസ്താനിലേക്ക് തിരികെ അയക്കുന്നതിനുള്ള ചെലവ് വഹിക്കാനും കോടതി ഉത്തരവിട്ടു. യുവതികളെ കുറിച്ച് വിവരം കടത്തുകാർക്ക് ചോർത്തിക്കൊടുത്ത കെട്ടിടത്തിലെ റിസപ്ഷനിസ്റ്റിന് ഒരു വർഷത്തെ തടവാണ് ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം എട്ട് പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
പ്രതികൾ പാസ്‌പോർട്ട് പിടിച്ചെടുത്ത് ഭീഷണിപ്പെടുത്തി ദിവസേന നിരവധി പേർക്ക് മുന്നിൽ വഴങ്ങാൻ യുവതികളെ നിർബന്ധിക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിനൊടുവിൽ ഇരകളിൽ ഒരാൾ തന്ത്രപരമായി രക്ഷപ്പെടുകയും, തുടർന്ന് രണ്ടാമത്തെ യുവതിയും ഒരു ബഹ്‌റൈൻ പൗരന്റെ സഹായത്തോടെ കെട്ടിടത്തിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ട് പോലീസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ പ്രതികളിലൊരാൾ ഇതിനോടകം അപ്പീൽ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.